പ്രിന്റഡ് ബുക്ക് പോസ്റ്റ് നിരക്ക് കുത്തനേ കൂട്ടി
Wednesday, December 18, 2024 1:22 AM IST
കൊച്ചി: പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാല്‍മാര്‍ഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വര്‍ധിപ്പിച്ച് തപാല്‍ വകുപ്പ്.
ആറു പതിറ്റാണ്ടിലേറെയായി പുസ്തക പ്രേമികള്‍ക്കും പ്രസാധകര്‍ക്കും സഹായകമായിരുന്ന ഇളവ് പിന്‍വലിച്ചതോടെയാണു പ്രിന്റഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയായി വര്‍ധിച്ചത്. ഇന്നലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതോടെ 500 ഗ്രാം തൂക്കം വരുന്ന ബുക്കുകള്‍ തപാല്‍മാര്‍ഗം അയയ്ക്കാനുള്ള നിരക്ക് 27 രൂപയില്‍നിന്ന് 61 രൂപയായി.
വായന പ്രോത്സാഹിപ്പിക്കുന്നതിനും പ്രസാധകരെ സഹായിക്കുന്നതിനുമായി പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു ഏര്‍പ്പെടുത്തിയതാണ് പ്രിന്റഡ് ബുക്ക് പോസ്റ്റ് സംവിധാനം.
കാലാനുസൃതമായ നിരക്കുവര്‍ധനവ് വന്നിരുന്നെങ്കിലും ജിഎസ്ടി നടപ്പാക്കുന്നതിനുമുന്‍പ് 22 രൂപയായിരുന്നു 500 ഗ്രാം തൂക്കമുള്ള ബുക്ക് പോസ്റ്റിന്റെ നിരക്ക്. ജിഎസ്ടി വന്നതോടെ അത് 27 രൂപയായി.
ഇപ്പോള്‍ പ്രിന്റഡ് ബുക്ക് പോസ്റ്റ് എന്ന സംവിധാനംതന്നെ തപാല്‍ വകുപ്പ് എടുത്തുമാറ്റി. ഇനി പുസ്തകങ്ങള്‍ പൂര്‍ണമായും കവറിനുള്ളിലാക്കി പാഴ്സലായി അയയ്ക്കണം. ഇതോടെയാണു നിരക്കിലും മാറ്റം വന്നത്.