നടുക്കം മാറാതെ സുരേഷ്
Wednesday, December 18, 2024 1:22 AM IST
കോതമംഗലം: കൊലയാളി കൊന്പന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടെങ്കിലും അതേ ആന പാഞ്ഞടുത്തതിന്റെ ഞെട്ടലിൽനിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ. സുരേഷ് മോചിതനായിട്ടില്ല.
തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയിൽനിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങിപ്പോകുമ്പോഴാണ് എൽദോസിനെ കൊലപ്പെടുത്തിയ ആന ഓട്ടോറിക്ഷയുടെ നേരെ പാഞ്ഞടുത്തത്.
ഓട്ടോറിക്ഷ മുന്നോട്ടെടുക്കാതെ ഹെഡ് ലൈറ്റ് തെളിച്ചു നിർത്തിയിട്ടതോടെ ആന തിരിഞ്ഞു നടന്നെങ്കിലും വൈകാതെ വീണ്ടും പാഞ്ഞടുത്തു. ഈ സമയം ജീവഭയത്തോടെ സുരേഷ് ഓട്ടോറിക്ഷ പിന്നോട്ടെടുത്തു. വീടിനു സമീപത്തെത്തി മറ്റു രണ്ട് ഓട്ടോറിക്ഷകളിൽ സുഹൃത്തുക്കളുമായി ഇവിടേക്ക് വീണ്ടുമെത്തിയപ്പോഴാണു റോഡരികിൽ ഒരാൾ കൊല്ലപ്പെട്ടു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ 200 മീറ്റർ അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെയും വാർഡ് മെംബർ ജോഷി പൊട്ടക്കലിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരിച്ചറിയാനാകാത്തവിധം ഛിന്നഭിന്നമായ മ്യതദേഹം സുരേഷാണ് ആദ്യം തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട എൽദോസിന്റെ അയൽവാസിയാണു സുരേഷ്.