വിനീതിന്റെ ആത്മഹത്യ: കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശൻ
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം: അരീക്കോട് സ്പെഷൽ ഓപ്പറേഷൻ പോലീസ് ക്യാന്പിലെ ഗ്രൂപ്പ് കമാൻഡോ വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ജീവനൊടുക്കിയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പോലീസ് സേനാംഗങ്ങളെ ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കാനുള്ള പരിഹാര നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയാറാകണം.
നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയിൽ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അമിത ജോലിഭാരം പൊലീസുകാരുടെ മാനസിക സമ്മർദം വർധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചതുമാണ്.
നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അന്ന് നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് വിനീതിന്റെ ആത്മഹത്യയെന്നു സതീശൻ ചൂണ്ടിക്കാട്ടി.