കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കേസിനു മുമ്പുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി റദ്ദാക്കി
Wednesday, December 18, 2024 1:45 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്, കേസിനു മുന്‍പുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി ഹൈക്കോടതി റദ്ദാക്കി.
കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് പിഎംഎല്‍എയില്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
കുറ്റം ചെയ്യുന്നതിനു മുമ്പ് സമ്പാദിച്ച വസ്തുവകകള്‍ കണ്ടുകെട്ടലില്‍നിന്ന് ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തൃശൂരിലെ ഡേവി വര്‍ഗീസും ഭാര്യ ലൂസിയും നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ദൈനംദിന ചെലവിനുപോലും പണമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഹര്‍ജിക്കാരും ബിസിനസ് പങ്കാളികളും 3.49 കോടി രൂപയുടെ അനധികൃത വായ്പകള്‍ തരപ്പെടുത്തിയെന്നാണു കേസ്.
ഇവര്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം നടന്നത് 2014ലാണ്. അതിനാല്‍ ഹര്‍ജിക്കാര്‍ 1987, 97, 99 വര്‍ഷങ്ങളില്‍ വാങ്ങിയ സ്വത്തുക്കളുടെ കണ്ടുകെട്ടല്‍ നിയമപ്രകാരമല്ലെന്നു കോടതി വ്യക്തമാക്കി.