വന നിയമ ഭേദഗതി വിജ്ഞാപനം പിൻവലിക്കണം: പി.ജെ. ജോസഫ്
Wednesday, December 18, 2024 1:22 AM IST
കോട്ടയം: അപകടകരമായ ജനവിരുദ്ധ നിർദേശങ്ങൾ നിറഞ്ഞിരിക്കുന്ന കേരള വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
പോലീസിന്റെ അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നൽകുന്ന വിധത്തിലാണ് ഭേദഗതി നിർദേശം. ഇതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആരെ വേണമെങ്കിലും കസ്റ്റഡിയിലെടുക്കാനും തടങ്കലിൽ വയ്ക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിലൂടെ സാധിക്കും. ഇതു ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നതാണ്. അതോടൊപ്പം കുറ്റാരോപിതർതന്നെ കേസ് തെളിയിക്കണമെന്നു പറയുന്നത് വനംവകുപ്പിനെ സമാന്തര സർക്കാരായി പ്രവർത്തിക്കാൻ ഇടയാക്കുന്നതുമാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
കർഷകന്റെ ഭൂമിയെ ബഫർ സോണായി വേർതിരിക്കുകയും അതിനുശേഷം വനഭൂമിയാക്കി മാറ്റാനുമുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിലുള്ളത്. വനാതിർത്തി വർധിച്ചാൽ അതു കാർഷികമേഖലയെ ബാധിക്കും. ഇപ്പോൾതന്നെ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണു കർഷകർ കൃഷി ചെയ്തുവരുന്നത്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും കർഷകരെ കൊല്ലുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ നേരിടാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോതമംഗലത്തിനടുത്ത് കർഷകൻ കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവമെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.