കത്തോലിക്ക മെത്രാൻ സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി
Tuesday, December 17, 2024 1:59 AM IST
തിരുവനന്തപുരം: കേരള കത്തോലിക്കസഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള ഫോറസ്റ്റ് നിയമ ഭേദഗതി, മുനന്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണവുമായുള്ള വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ഭിന്നശേഷി സംവരണത്തിന്റെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കുക എന്നീ വിഷയങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.
കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റ് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെ പ്രതിനിധി ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.