കാതുകളില്‍ മായാതെ
Tuesday, December 17, 2024 1:58 AM IST
കോഴിക്കോട്: കാല് നൂറ്റാണ്ടാകാറായി...പക്ഷെ അപ്പോഴും സാക്കിര്‍ ഹുസൈന് എന്ന കലാകാരന് തബലയില്‍ തീര്‍ത്ത വിസ്മയം ഇന്നും കടല്ക്കാറ്റുപോലെ കോഴിക്കോട്ടുകാരുടെ കാതില്‍ മുഴങ്ങുകയാണ്.
2000 ഫെബ്രുവരി രണ്ടിനായിരുന്നു അത്. തബലയിൽ സംഗീതമഴ പെയ്യിച്ച് കോഴിക്കോട് കടപ്പുറത്തെ ഒന്നരമണിക്കൂര്‍ ആസ്വാദന ചിറകിലേറിച്ച സാക്കിര്‍ വിടപറഞ്ഞത് വിശ്വസിക്കാന്‍ കോഴിക്കോട്ടെ പഴയകാല കലകാരന്മാര്ക്കും ആകുന്നില്ല.
മണൽത്തരികളെയടക്കം കോരിത്തരിപ്പിച്ച രാവില്‍ പക്ഷേ മറക്കാനാകാത്ത വേദനയായിരുന്നു നേരത്തെ പ്രകടനത്തിനുശേഷം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. കോഴിക്കോട്ട് മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണു പിതാവ് അല്ലാ രഖാ ഖാന്റെ വിയോഗം അദ്ദേഹം അറിയുന്നത്.
അന്ന് മലബാർ മഹോത്സവത്തിന്റെ പ്രധാന വേദിയായിരുന്നു കടപ്പുറം. താളവും മെലഡിയും സമന്വയിച്ച സംഗീതവിരുന്നിൽ നിത്യജീവിതത്തിലെ വേറിട്ട ശബ്ദങ്ങളെ സാക്കിർ തബലയിലേക്ക് ആവാഹിച്ചു.തീവണ്ടിയും ആവിയന്ത്രവും മോട്ടോർ ബൈക്കും കുളമ്പടിശബ്ദവും തബലയുടെ നാദത്തിൽ പിറന്നു.
തബലയുടെ ഭാഷ അനന്തമാണെന്നു തെളിയിക്കുന്നതായിരുന്നു ആ സംഗീത സായാഹ്നം. തബലയും സാരംഗിയും ചേർന്ന ജുഗൽബന്ദിയുടെ തലത്തിലേക്ക് മാറ്റാതെ പാശ്ചാത്യ സാങ്കേതികത തബലയിൽ ഉപയോഗിക്കുകയായിരുന്നു സാക്കിർ.
എങ്കിലും സഹോദരൻ ഫസൽ ഖുറൈശിയുമായി ചേർന്നുള്ള തബലവാദനം ജുഗൽബന്ദിയുടെ അനുഭവം ആസ്വാദകർക്കു സമ്മാനിച്ചു. വിടപറഞ്ഞ നാദവസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് കേരളത്തെയും ഇവിടത്തെ സംഗീതാസ്വാദകരെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.കോഴിക്കോട്ടുകാരുടെ ആസ്വാദന നിലവാരം അദ്ദേഹം എല്ലാകാലത്തും ഓര്‍ത്തുവച്ചിരുന്നു.