ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ശബരിമലയില്‍ റൂം; റിപ്പോര്‍ട്ട് തേടി കോടതി
Wednesday, December 18, 2024 1:22 AM IST
കൊച്ചി: ഗുജറാത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ശബരിമലയില്‍ ഡോണര്‍ റൂം നല്‍കിയതില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ഇത്തരം പ്രവണത അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭക്തര്‍ നിലത്തു കിടന്നുറങ്ങുമ്പോഴാണ് ഗസ്റ്റ് ഹൗസിലെ മുറി കമ്പനി പൂട്ടിയിട്ടിരിക്കുന്നത്. ഇത്തരം പരിഗണനകള്‍ ആര്‍ക്കും നല്‍കരുതെന്നും കോടതി വ്യക്തമാക്കി. ദേവസ്വം നടപടിയെടുത്തില്ലെങ്കില്‍ പോലീസിനു നിർദേശം നല്‍കേണ്ടിവരും. വിഷയം സംബന്ധിച്ച് ദേവസ്വം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഗസ്റ്റ് ഹൗസിലെ ചില മുറികള്‍ നവീകരിച്ചു നല്‍കിയതിന്റെ പേരിലാണ് ഗുജറാത്തിലെ ഫാംസണ് ഫാര്‍മ കമ്പനിക്ക് ഡോണര്‍ മുറി നല്‍കിയത്. ഡോണര്‍ റൂം പൂട്ടിയിട്ടിരിക്കുന്നതായി ശബരിമല കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതി നടപടി.
സന്നിധാനത്തെ ഫ്ലൈഓവറില്‍നിന്ന് താഴേക്കു ചാടി അയ്യപ്പഭക്തന് മരിച്ച സംഭവത്തിലും റിപ്പോര്‍ട്ട് നല്കാന് സന്നിധാനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കു ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി. ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈഓവറില്‍ നിന്നാണു കര്‍ണാടക സ്വദേശി കുമാരസ്വാമി താഴേക്കു വീണ് മരിച്ചത്.