കോന്നി അപകടം: വീണ്ടും പൊലിഞ്ഞു, നാലു ജീവൻ
Monday, December 16, 2024 6:16 AM IST
കോന്നി: മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറി നവദന്പതികളും ഇവരുടെ അച്ഛന്മാരും മരിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ കോന്നി മല്ലശേരി വട്ടക്കുളഞ്ഞി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (61), മകൻ നിഖിൽ ഈപ്പൻ മത്തായി (30), മരുമകൾ അനു (26), അനുവിന്റെ പിതാവ് മല്ലശേരി തെങ്ങുംകാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (56) എന്നിവരാണ് മരിച്ചത്.
നവംബർ 30നാണ് നിഖിലും അനുവും വിവാഹിതരായത്. മധുവിധു ആഘോഷങ്ങൾക്കായി മലേഷ്യയിൽ പോയിരുന്ന ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം.
മക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനായി മത്തായി ഈപ്പനും ബിജുവും ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്കു തിരിച്ചത്. മടക്കയാത്രയിൽ ബിജുവാണ് സ്വിഫ്റ്റ് ഡിസയർ കാർ ഓടിച്ചിരുന്നത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തെലുങ്കാനയിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസുമായി കൂടലിനും കോന്നിക്കും മധ്യേ മുറിഞ്ഞകൽ ഗുരുമന്ദിരത്തിനു മുന്പിലാണ് കാർ ഇടിച്ചത്.
പുലർച്ചെ നാലോടെയായിരുന്നു അപകടം. മുൻ സീറ്റിലുണ്ടായിരുന്ന ബിജുവും മത്തായിയും ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന നിഖിലും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് നിഖിലും അനുവും കാറിന്റെ പിൻസീറ്റിലായിരുന്നു. യാത്രാക്ഷീണം കാരണം ഇവർ ഉറക്കത്തിലായിരുന്നുവെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പറയുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാറിന്റെ വാതിലുകൾ തുറക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. പിന്നീട് കോന്നിയിൽനിന്നു പോലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. സാലിയാണ് നിഖിലിന്റെ മാതാവ്. സഹോദരി: നിത. നിഷയാണ് അനുവിന്റെ മാതാവ്. സഹോദരൻ: ആരോൺ.
തുടർച്ചയായ അപകടങ്ങൾ ഉന്നതതല യോഗം വിളിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി റോഡപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. അപകടം കുറയ്ക്കുന്നതിനുൾപ്പെടെയുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.
നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരത്താണ് യോഗം നടക്കുക. മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നീ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ കൂടാതെ ദേശീയ പാത അഥോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.