പി.പി. മാധവൻ ഭട്ടതിരിപ്പാടിനു യാത്രാമൊഴി
Wednesday, December 18, 2024 1:22 AM IST
ചേർപ്പ്/ഒല്ലൂർ: പ്രിയപ്പെട്ട മാധവൻ അങ്കിളിനെ അവസാനമായി കാണാനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധിയെത്തി. ഡൽഹി എയിംസ് ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു സോണിയ ഗാന്ധിയുടെ സെക്രട്ടറിയായ പി.പി. മാധവൻ ഭട്ടതിരിപ്പാടിന്റെ അന്ത്യം.
തിങ്കളാഴ്ച രാത്രിതന്നെ ഡൽഹിയിൽനിന്നു നെടുന്പാശേരിയിലെത്തിയ രാഹുൽ തൃശൂരിലെ സ്വകാര്യഹോട്ടലിലായിരുന്നു താമസിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ രാഹുൽ ഗാന്ധി ഒല്ലൂർ തൈക്കാട്ടുശേരി ചെറുശേരിയിലെ മാധവന്റെ വീട്ടിലെത്തി. ഒരു മണിക്കൂർ വീട്ടുകാർക്കൊപ്പം ചെലവിട്ട് ആശ്വസിപ്പിച്ചു. അന്തിമോപചാരമർപ്പിച്ചശേഷം ഡൽഹിക്കു മടങ്ങി.
കനത്ത സുരക്ഷയാണു തൈക്കാട്ടുശേരിയിൽ ഏർപ്പെടുത്തിയത്. തൃശൂർമുതൽ പോലീസിനെ വിന്യസിച്ചിരുന്നു. മന്ത്രി കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.കെ. രാമചന്ദ്രൻ, വി.എം. സുധീരൻ, മേയർ എം.കെ. വർഗീസ്, സനീഷ് കുമാർ ജോസഫ്, ജോസ് വള്ളൂർ, എം.പി. വിൻസന്റ്, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപിക്കുവേണ്ടി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോസഫ് ടാജറ്റ് എന്നിവരും അന്ത്യോപചാരമർപ്പിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
ഇന്ദിരാഗാന്ധിയുടെ കാലംമുതൽ ഗാന്ധികുടുംബത്തിന്റെ സന്തതസഹചാരിയും വിശ്വസ്തനുമായിരുന്നു മാധവൻ ഭട്ടതിരിപ്പാട്.
മാധവന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും 16 വർഷംമുന്പ് തൃശൂരിൽ എത്തിയിരുന്നു. മകന്റെ വിവാഹത്തിനd സോണിയ ഗാന്ധി എത്തിയില്ലെങ്കിലും രാഹുലും പ്രിയങ്കയും എത്തിയതിൽ മാധവൻ സന്തോഷവാനായിരുന്നു.
കോണ്‍ഗ്രസിലെ ഉന്നതനേതാക്കളുമായും മാധവന് എക്കാലത്തും അടുത്ത ബന്ധമുണ്ടായിരുന്നു. അവധിക്കു ചെറുശേരിയിലെ വീട്ടിലെത്തിയാലും മാധവന്റെ തിരക്കൊഴിഞ്ഞിരുന്നില്ല.