കോന്നി അപകടം: കാറിന് അമിതവേഗം, എയർ ബാഗും പ്രവർത്തിച്ചില്ല
Monday, December 16, 2024 6:16 AM IST
കോന്നി: നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽപെട്ട കാറിന്റെ എയർബാഗ് പ്രവർത്തിച്ചതായി കാണുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിന്റെ ഒരുവശത്തേക്ക് ഇടിച്ചുകയറിയുണ്ടായ ആഘാതത്തിലാണ് യാത്രക്കാരുടെ മരണം.
കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന നിഗമനത്തിലാണ് പോലീസും. പ്രാഥമികാന്വേഷണത്തിലും ബസ് യാത്രക്കാരുടെ മൊഴികളിലും ഇതാണ് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അപകടസ്ഥലം പരിശോധിച്ചു.
തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള രാത്രി യാത്രയ്ക്കിടെ കാർ ഓടിച്ചിരുന്ന ബിജു ഉറങ്ങിപ്പോയിട്ടുണ്ടാകാമെന്നും കരുതുന്നു. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിൽ കാർ നല്ല വേഗത്തിലാണ് പോകുന്നത്.
കാർ അമിതവേഗത്തിൽ വന്നിടിച്ചുവെന്നാണ് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്. കാർ വരുന്നതു കണ്ട് ബസ് വേഗം കുറച്ച് ഒരു വശത്തേക്ക് ഒതുക്കിയതായും സതീഷ് പറഞ്ഞു. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് പറയുന്നു. ബസിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയാണ്. ബസിന്റെ മുൻ വശം പൂര്‍ണമായും തകർന്നു.
കുരുതിക്കളമായി പിഎം റോഡ്
സമീപകാലത്തു പുനർനിർമാണം നടത്തിയ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുന്പഴയ്ക്കും കലഞ്ഞൂരിനും മധ്യേയുള്ള ഭാഗം കുരുതിക്കളമായി മാറുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ 13 ജീവനുകളാണ് പാതയിൽ പൊലിഞ്ഞത്. അപകടങ്ങൾ ഏറെയും കോന്നിക്കും കലഞ്ഞൂരിനും മധ്യേയാണ്.
ഇന്നലെ നാലുപേരുടെ ജീവനെടുത്ത ഭാഗത്ത് 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ അപകടമാണ്. ശബരിമല തീർഥാടനകാലം കൂടി ആയതോടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെയാണ് അപകടങ്ങളുടെ എണ്ണവും പെരുകിയത്.
ശനിയാഴ്ച രാവിലെ 6.30നായിരുന്നു ഈ മേഖലയില്‍ ആദ്യ അപകടം ഉണ്ടായത്. കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും പുനലൂരിലേക്ക് മടങ്ങുന്ന ആറംഗ സംഘ കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ മല്ലശേരി പൂങ്കാവ് സ്വദേശികളായ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നതും ഇതിനു സമീപം തന്നെ.
റോഡ് നിർമാണഘടനയിലെ പോരായ്മയെ സംബന്ധിച്ച് കെഎസ്ടിപിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു.