ടീകോമിനു നഷ്ടപരിഹാരം പുന:പരിശോധിക്കണം: വി.ഡി. സതീശൻ
Tuesday, December 17, 2024 1:59 AM IST
തിരുവനന്തപുരം: ടീകോമിനു നഷ്ടപരിഹാരം നൽകി സ്മാർട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.
വ്യവസ്ഥകൾ ലംഘിച്ചാൽ ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാർ നിലനിൽക്കെ കന്പനിക്ക് സർക്കാർ പണം നൽകുന്നത് സംസ്ഥാന താൽപര്യത്തിന് എതിരാണ്. ഒരുകാരണവശാലും ടീകോമിനു നഷ്ടപരിഹാരം നൽകാൻ പാടില്ല.
ഭൂമി കച്ചവടമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണ്. വ്യവസ്ഥകൾ ലംഘിച്ച ടീകോമിന് അങ്ങോട്ട് പണം നൽകി പദ്ധതിയിൽ നിന്നും പിൻമാറാനുള്ള ഏകപക്ഷീയമായ നീക്കം സർക്കാർ പുനരാലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.