കോന്നി അപകടം: നാലു പേർക്കും കല്ലറ ഒരുങ്ങുക ഒരു പള്ളിയിൽ
Tuesday, December 17, 2024 1:59 AM IST
പത്തനംതിട്ട: കോന്നി മുറിഞ്ഞകൽ അപകടത്തിൽ മരിച്ച നാലു പേർക്കും കല്ലറ ഒരുങ്ങുന്നത് മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. സംസ്കാരം വ്യാഴാഴ്ച 12.30നു നടക്കും.
ഞായറാഴ്ച പുലർച്ചെ പിഎം റോഡിൽ മുറിഞ്ഞകൽ ഗുരുമന്ദിരത്തിനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ച മല്ലശേരി പുത്തേത്തു തുണ്ടിയിൽ മത്തായി ഈപ്പൻ (61), മകൻ നിഖിൽ (30), മരുമകൾ അനു (26), അനുവിന്റെ പിതാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (56) എന്നിവരുടെ സംസ്കാരമാണ് ഒരു ദേവാലയത്തിൽ നടക്കുന്നത്.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കുടുംബ കല്ലറയിൽ അടക്കം ചെയ്യും. ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലായിരിക്കും സംസ്കരിക്കുക.
പോസ്റ്റ്മോർട്ടത്തിനുശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ പുറത്തെടുക്കും.
രണ്ട് ഭവനങ്ങളിലുമെത്തിച്ച് പ്രാർഥന നടത്തിയശേഷം എട്ടോടെ പൂങ്കാവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരും. 12 വരെ പൊതുദർശനത്തിനു സൗകര്യമുണ്ടാകും.