മർദനമേറ്റു മരണം: ക്രൈംബ്രാഞ്ച് എസ്പിയെ വെറുതെവിട്ടു
Wednesday, December 18, 2024 1:22 AM IST
കുന്നംകുളം: പോലീസ് മർദനത്തിനിരയായി കുന്നംകുളം ചിറളയം സ്വദേശിയായിരുന്ന അമ്പലപ്പാട്ട് നാരായണൻനായർ മരിച്ചു എന്ന് ആരോപിക്കപ്പെട്ട സംഭവത്തിൽ ഇപ്പോഴത്തെ എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ടും 23 വർഷം മുന്പ് കുന്നംകുളം എസ്ഐയുമായിരുന്ന എം.ജെ. സോജനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായി.
സർക്കാർ വാദിയായ കേസിൽ കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ വിധിപറഞ്ഞത്.
ഗവ. ബധിര സ്കൂൾ ജീവനക്കാരനായിരുന്ന നാരായണൻനായർ 2001 സെപ്റ്റംബർ രണ്ടിനാണു മരിച്ചത്. എം.ജെ. സോജൻ കുന്നംകുളത്ത് എസ്ഐയായി ജോലിചെയ്യുമ്പോഴാണു കോളിളക്കമുണ്ടാക്കിയ സംഭവം.
കുന്നംകുളം ജവഹർ തിയേറ്ററിനു സമീപം ബസ് കാത്തുനിൽക്കുമ്പോൾ ജീപ്പിലെത്തിയ പോലീസുകാർ സോജന്റെ നേതൃത്വത്തിൽ ലാത്തികൊണ്ട് നാരായണൻനായരെ അടിച്ചുവീഴ്ത്തിയെന്നായിരുന്നു പരാതി.
റോഡിൽ വീണുകിടന്നയാളെ ആശുപത്രിയിൽ എത്തിക്കാനും പോലീസ് തയാറായില്ല. പോലീസ് സ്റ്റേഷൻ മാർച്ചും അന്വേഷണങ്ങളും കേസും വാദപ്രതിവാദങ്ങളും ഒക്കെയായി 23 വർഷം നീണ്ടുനിന്ന കേസിലാണ് വിധിയുണ്ടായത്.
നിലവിൽ ഐപിഎസ് ലഭിച്ചിരിക്കുന്ന എം.ജെ. സോജന് ഈ കേസ് കാരണം പദവി നൽകാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി പ്രമാദമായ കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥനാണു എം.ജെ. സോജൻ.