നടിയെ ആക്രമിച്ച കേസ്; ഫോറന്‍സിക് വിദഗ്ധരായ സാക്ഷികളെ വിസ്തരിക്കണമെന്ന ഹര്‍ജി തള്ളി
Wednesday, December 18, 2024 1:22 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് വിദഗ്ധരായ രണ്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിയുടെ ആവശ്യം നിസാരമാണെന്നും വിചാരണ വൈകിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമാണു ജസ്റ്റീസ് സി. ജയചന്ദ്രന് തള്ളിയത്.
കേസിലെ 112, 183 സാക്ഷികളാണ് ഫോറന്‍സിക് വിദഗ്ധര്‍. ഇവരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരേയാണ് സുനി ഹൈക്കോടതിയെ സമീപിച്ചത്.