മത്സരയോട്ടത്തിൽ മരണമുണ്ടായാൽ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യും: ഗതാഗത മന്ത്രി
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയിൽ ആളുകൾ മരണപ്പെട്ടാൽ അപകടമുണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് ആറുമാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ.
അപകടത്തിൽപ്പെടുന്ന ആളുടെ പരിക്ക് ഗുരുതരമാണെങ്കിൽ ശിക്ഷ മൂന്നു മാസത്തേക്കായിരിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള പതിവ് ശിക്ഷാ നടപടികൾക്കു പുറമേയാണിത്. ഡ്രൈവർ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നത് ഉടമയ്ക്ക് കൂടി വേണ്ടിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണു നടപടി കടുപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റോഡപകടങ്ങൾ വർധിക്കുന്നതു തടയുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
രാത്രി വൈകിയുള്ള സർവീസുകൾ സ്വകാര്യബസുകൾ ഊഴംവച്ച് ഓടിക്കാനും യോഗത്തിൽ തീരുമാനമായി. ബസുകൾ ട്രിപ്പ് മുടക്കുന്നത് ഒഴിവാക്കാനാണു ക്രമീകരണം. ട്രിപ്പ് റദ്ദാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും.