മന്ത്രിസ്ഥാനം: തോമസ് കെ. തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരിക്കേ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഇന്നലെ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ചനടത്തി.
തന്റെ കാര്യങ്ങളെല്ലാം ഞാൻ ദേശീയ അധ്യക്ഷനെ അറിയിച്ചതായി ചർച്ചയ്ക്കുശേഷം തോമസ് കെ. തോമസ് പ്രതികരിച്ചു. എൻസിപിയിൽ നേരത്തെ പറഞ്ഞിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ദേശീയാധ്യക്ഷനോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ട തോമസ് കെ. തോമസ്, തനിക്ക് പ്രത്യാശയുണ്ടെന്നായിരുന്നു പ്രതികരിച്ചത്. തോമസ് കെ. തോമസുമായുള്ള ചർച്ചയ്ക്കിടെ സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ടും ശരദ് പവാറിന്റെ വസതിയിലെത്തി. ഇന്നും ചർച്ച തുടരുമെന്നാണു സൂചന.
തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്കു മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതു സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണെന്നാണു സൂചന.
എൻസിപിയുടെ നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതിനു ശരദ് പവാറിനെക്കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണു സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
എന്നാൽ പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോഴും മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രിയെ മാറ്റണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ലെന്നും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.