ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച രണ്ടുപേർ പിടിയിൽ
Wednesday, December 18, 2024 1:22 AM IST
മാനന്തവാടി: പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപം ചെമ്മാട് ഉന്നതിലെ മാതനെ വിനോദസഞ്ചാര സംഘം റോഡിൽ വലിച്ചിഴച്ച കേസിൽ രണ്ടു പേർ പിടിയിൽ. കണിയാന്പറ്റ പച്ചിലക്കാട് സ്വദേശികളായ അർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
ഇവരെ കൽപ്പറ്റ ഭാഗത്തുനിന്നാണു കസ്റ്റഡിയിലെടുത്തത്. കാറിൽ ഉണ്ടായിരുന്ന പനമരം സ്വദേശികളായ വിഷ്ണു, നബീൽ എന്നിവരെ കണ്ടെത്തുന്നതിന് പോലീസ് നീക്കം ഊർജിതമാക്കി. ഞായറാഴ്ച വൈകുന്നേരമാണു കേസിനാസ്പദമായ സംഭവം.
കൂടൽക്കടവിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് മാതനെ റോഡിൽ 400 മീറ്റളോളം വലിച്ചിഴയ്ക്കുന്നതിന് ഇടയാക്കിയത്. കാറിൽ സഞ്ചരിച്ച യുവാക്കൾ മാതന്റെ കൈ വാതിലിനോട് ചേർത്തുപിടിച്ചാണ് വലിച്ചിഴച്ചത്. അതിക്രമത്തിനുശേഷം മാതനെ റോഡിൽ ഉപേക്ഷിച്ച് സംഘം കടന്നു.
ചികിത്സയിലുള്ള മാതനെ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു.