ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ചു; വധശ്രമത്തിനു കേസെടുത്തു
Tuesday, December 17, 2024 1:59 AM IST
മാനന്തവാടി: പയ്യന്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. വിനോദസഞ്ചാരത്തിനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണുകാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോടു കൈ ചേർത്ത് പിടിച്ച് 400 മീറ്ററോളമാണു യുവാവിനെ വലിച്ചിഴച്ചത്. ഞായറാഴ്ച വൈകുന്നേരം പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപമാണുസംഭവം.
മാനന്തവാടി പയ്യന്പള്ളി കൂടൽ കടവിൽ ചെക്ക്ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി.
കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണു മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചതെന്നു നാട്ടുകാർ പറഞ്ഞു. കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ താമസക്കാരനാണ് മാതൻ. അതിക്രമത്തിനുശേഷം മാതനെ റോഡിൽ ഉപേക്ഷിച്ച് സംഘം കടന്നു.
ഗുരുതര പരിക്കേറ്റ മാതനെ നാട്ടുകാരാണു മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അരയ്ക്കും കൈകാലുകൾക്കുമാണു പരിക്കേറ്റത്. സംഭവത്തിൽ വധശ്രമത്തിനു കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ആദിവാസി യുവാവിനെ വലിച്ചിഴച്ച കെഎൻ 52 എച്ച് 8733 എന്ന മാരുതി സെലേരിയോ കാർ അക്രമിസംഘത്തിലെ അർഷിദ് എന്ന വ്യക്തിയുടെ കണിയാന്പറ്റയിലെ ബന്ധു വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തു.
കാറിലുണ്ടായിരുന്ന മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും മാനന്തവാടി സിഐ സുനിൽ ഗോപി പറഞ്ഞു.