വയനാട് പുനരധിവാസം: സിദ്ധരാമയ്യയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ വാഗ്ദാനം ചെയ്ത പദ്ധതിയോടു കേരള സർക്കാർ പ്രതികരിച്ചില്ലെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുന്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്നായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ വാഗ്ദാനം.
കർണാടകയുടെ സഹായം ഉൾപ്പെടെ സ്പോണ്സർ ഷിപ്പുകൾക്കായി ഒരു ഫ്രയിംവർക്കു തയാറാക്കിവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യക്ക് മറുപടി നൽകി. പുനരധിവാസ പദ്ധതി ഓരോ ഘട്ടത്തിലും ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉൾപ്പെടെ ഉണ്ടാകും.
വീടു നഷ്ടമായവർക്ക് അവരുടെ പഴയ വാസസ്ഥലത്തിനു സമീപമാണു ടൗണ്‍ഷിപ്പ് പണിയാൻ ഉദ്ദേശിക്കുന്നത്. പ്രകൃതി ദുരന്ത സാധ്യതയില്ലാത്ത വൈത്തിരി താലൂക്കിലെ രണ്ടു സ്ഥലങ്ങളാണു കണ്ടെത്തിയിരിക്കുന്നത്.
ഇവിടെയുണ്ടാക്കാൻ പോകുന്ന ടൗണ്‍ഷിപ്പിന്റെ അന്തിമ രൂപം തയാറാകുന്ന മുറയ്ക്കു കർണാടകയെ അറിയിക്കും. വീടുകൾ നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിനു നന്ദി പറഞ്ഞുകൊണ്ടാണു മുഖ്യമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്.