വന്യജീവി ആക്രമണം: സർക്കാർ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനശല്യവും മറ്റു വന്യജീവി പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കാട്ടാന മുതൽ കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. കർഷകർക്ക് വൻ കൃഷിനാശമുണ്ടാകുന്നു. ഇതിനെ പ്രതിരോധിക്കാൻ കർഷകർക്ക് അവസരം ലഭിക്കുന്നില്ല.
കേരള വനംഭേദഗതി ബിൽ നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വൻ അധികാരങ്ങളാണ് നൽകുന്നത്. ഇതുമൂലം യാതൊരു പ്രതിരോധത്തിനും കർഷകർക്കു കഴിയുന്നില്ല. സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ടെന്നു ചെന്നിത്തല പറഞ്ഞു.