കാട്ടാന ആക്രമണം: കോതമംഗലം മേഖലയിൽ പത്തു മാസത്തിനിടെ മരിച്ചത് മൂന്നുപേർ
Wednesday, December 18, 2024 1:22 AM IST
കോതമംഗലം: കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളിൽ കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ ഇല്ലാതായത് മൂന്നു ജീവനുകൾ
വനപാലന സംവിധാനങ്ങൾ മികച്ചതെന്ന് അവകാശപ്പെടുന്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളിൽനിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക.
കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാ (45) ണു കാട്ടാന ആക്രമണത്തിലെ ഒടുവിലത്തെ ഇര.
കാട്ടാനയുടെ ചവിട്ടേറ്റ് ഛിന്നഭിന്നമായി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ ദാരുണമായിരുന്നു എൽദോസിന്റെ മരണം.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം- ഇടുക്കി റോഡിൽ കാട്ടാന മറിച്ചിട്ട പന വീണു വിദ്യാർഥിനി കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന കോതമംഗലം എംഎ എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി സി.വി. ആൻ മേരി (21)യാണു മരിച്ചത്.
ഇതിന്റെ നടുക്കവും പ്രതിഷേധവും വിട്ടുമാറും മുമ്പാണ് എൽദോസിന്റെ മരണം കഴിഞ്ഞ മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.