കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് വിമാനത്താവളത്തിൽ സ്വീകരണം
Wednesday, December 18, 2024 1:22 AM IST
നെടുമ്പാശേരി: കർദിനാളായി സ്ഥാനമേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ മാർ ജോർജ് കൂവക്കാട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒരു ഭാരതീയൻ എന്നനിലയിൽ തന്റെ സ്ഥാനലബ്ധിയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് അടുത്ത വർഷം റോമിൽ നിരവധി പരിപാടികൾ ഉള്ളതിനാൽ 2025ന് ശേഷമായിരിക്കും ഇന്ത്യയിൽ എത്താൻ സാധ്യത. മാർപാപ്പയുടെ വരവ് നമ്മളെല്ലാവരും ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഒന്പതിന് എമിറേറ്റ്സ് വിമാനത്തിലാണ് കർദിനാൾ എത്തിയത്. മൂന്നാഴ്ച താൻ കേരളത്തിൽ ഉണ്ടായിരിക്കുമെന്ന് മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. ക്രിസ്മസിന് തിരുവനന്തപുരം ലൂർദ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കും. തനിക്കു നേരത്തേ സ്വീകരണം നൽകിയതിനാൽ ഇത്തവണ ആരോടും വിമാനത്താവളത്തിൽ വരേണ്ടെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും വരവേൽക്കാൻ എത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മാർ കൂവക്കാട്ട് പറഞ്ഞു.