കേരളത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; മന്ത്രി റോഷി അഗസ്റ്റിന്
Wednesday, December 18, 2024 1:22 AM IST
കാഞ്ഞിരപ്പള്ളി: പാട്ടക്കരാറിന്റെ പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കേരളത്തിന്റെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നമ്മളെ സംബന്ധിച്ച് വലിയ കാര്യമാണ്.
കോടതിയുടെ പക്കലിരിക്കുന്ന കേസാണിത്. ജലനിരപ്പ് 142 അടി വരെ ഉയര്‍ത്തി നിര്‍ത്താന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ഘട്ടത്തിലും എത്രയടിവരെ ഉയര്‍ത്താം എന്ന പരിശോധനയുടെ അടിസ്ഥാനാത്തിലാണ് തീരുമാനിച്ചിട്ടുള്ളത്.
മുല്ലപ്പെരിയാര്‍ കരാര്‍ പുനഃപരിശോധന തലത്തിലേക്കുവരെയെത്തിയിട്ടുണ്ടെന്നാണ് കോടതിയുടെ പരാമര്‍ശത്തില്‍നിന്ന് വ്യക്തമാകുന്നത്. ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പുള്ള കാരറുകളുടെ സാധുകരണവും സുപ്രീംകോടതി പരിശോധിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇത് പ്രതീക്ഷ നല്കുന്ന കാര്യമാണ്.
മുല്ലപ്പെരിയാര്‍ സമഗ്രസുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിനോട് കേന്ദ്ര ജലകമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി നമ്മള് ഉന്നയിക്കുന്ന ആവശ്യമായിരുന്നു വിദഗ്ധരെ ഉള്‍പ്പെടുത്തി സമഗ്ര പരിശോധന നടത്തണമെന്ന്. ഈ ആവശ്യം ന്യായമാണെന്ന് കേന്ദ്ര ജലകമ്മീഷന് ബോധ്യപ്പെട്ടു.
സുരക്ഷാ ക്രമീകരണങ്ങള്‍ ജീവല്‍പ്രശ്നമായി കണ്ടുകൊണ്ട് ഇത്രയും പഴക്കമുള്ള ഡാമെന്ന നിലിയില്‍ പുതിയ ഡാമെന്ന കാഴ്ചപാടിനെ കേരളവും തമിഴ്നാടും ആലോചനാ പൂര്‍വം സമീപിക്കുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.