ആദിവാസി വയോധികയുടെ മൃതദേഹത്തോട് അനാദരം; കൊണ്ടുപോയത് ഓട്ടോയിൽ
Tuesday, December 17, 2024 1:59 AM IST
മാനന്തവാടി: മൃതദേഹത്തോടും അനാദരം. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് എടവക വീട്ടിച്ചാൽ നാലു സെന്റിലെ ഗോത്ര വയോധിക ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.
എടവക പഞ്ചായത്ത് പള്ളിക്കലിലെ വീട്ടിച്ചാൽ നാലു സെന്റ് ഉന്നതിയിലെ ഗോത്രവയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനാണ് ആംബുലൻസ് ലഭിക്കാതിരുന്നത്.
ഞായറാഴ്ച വൈകുന്നേരം ആംബുലൻസിനായി ട്രൈബൽ വകുപ്പിൽ വിവരമറിയിച്ച് ഏറെനേരം കാത്തിരുന്നിട്ടും ആംബുലൻസ് എത്താതായതോടെയാണ് ഓട്ടോറിക്ഷയിൽ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെ ഓഫിസ് ഉപരോധിച്ചു.
എടവപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് ഉപരോധിച്ചത്. സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.