എസ്ഒജി കമാന്‍ഡോ സ്വയം വെടിവെച്ച് മരിച്ച സംഭവം: അന്വേഷണം തുടങ്ങി
Tuesday, December 17, 2024 1:58 AM IST
മലപ്പുറം: മലപ്പുറം ജില്ലയിലെ അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) ക്യാമ്പില്‍ കമാന്‍ഡോ ശുചിമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൊണ്ടോട്ടി ഡിവൈഎസ്പി കെ.സി. സേതു അന്വേഷിക്കുമെന്ന് മലപ്പുറം പോലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണു വയനാട് കല്‍പ്പറ്റ തെക്കുതറ ചങ്ങഴിമ്മല് ചന്ദ്രന്റെ മകനും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത് (36) എകെ47 തോക്ക് ഉപയോഗിച്ചു സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള എസ്ഒജിക്കു പരിശീലനം നല്കുന്ന കേന്ദ്രത്തിലാണു സംഭവം. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
വിനീതിന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണു സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്നു പോലീസ് അറിയിച്ചു.
ആത്മഹത്യ ചെയ്ത കമാന്‍ഡോ വിനീതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് വെടി ഉതിര്‍ത്തത്. താടിയുടെ താഴെ ഇടതു ഭാഗത്ത് വച്ച് ട്രിഗര്‍ വലിക്കുകയായിരുന്നു. വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തുകടന്നു. തലച്ചോറ് ചിന്നിച്ചിതറിയ നിലയിലുമാണ്. താടിക്ക് താഴെ തോക്ക് കുത്തിപ്പിടിച്ചതിന്റെ പാടുകളുണ്ട്. ഭക്ഷണം കഴിച്ച ഉടനെയായിരുന്നു സംഭവമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയറ്റില്‍ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ പാടുകളുണ്ട്. സംശയകരമായ പാടുകളോ മറ്റ് അസ്വാഭാവികതകളോ ശരീരത്തില്‍ ഇല്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍, ഡോ. ലെവീസ് വസീം എന്നിവരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
ക്യാമ്പിലെ ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്ന വിവരം പുറത്തുവരുന്നുണ്ട്. മുമ്പ് ഒരു കമാന്‍ഡോ ജോലി സമ്മര്‍ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായും ആരോപണമുയര്‍ന്നു.
അതേസമയം, പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയില്‍ വിനീത് പരാജയപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്സാപ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവര്‍ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ’കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ് സന്ദേശത്തില്‍ ആരോപിക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണ് വിനീത് പരാജയപ്പെട്ടത്. ഓട്ടത്തില്‍ പരാജയപ്പെട്ടതിനാല്‍ അവധി ലഭിച്ചില്ലെന്നാണ് വിവരം. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തില്‍ പറയുന്നു.
ഓട്ടത്തിനുള്ള സമയം വര്‍ധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തന്റെ വാട്സ് ആപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോടു നിര്‍ദേശിച്ചതായും വിവരങ്ങളുണ്ട്.
തനിക്ക് ലഭിച്ച മെമ്മോയ്ക്കു മറുപടിയായി സര്‍വീസില്‍ കയറിയ കാലം മുതലുള്ള കാര്യങ്ങള്‍ വിനീത് എഴുതിവച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്സാപ് സന്ദേശത്തിലുണ്ട്.
മരണകാരണം മാനസിക പ്രയാസം: എസ്പി
അരീക്കോട്: കായിക പരിശീലനത്തില്‍ പരാജയപ്പെട്ടതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ വിനീതിന് ഉണ്ടായിരുന്നെന്നു മലപ്പുറം എസ്പി ആര്. വിശ്വനാഥ് പറഞ്ഞു.
പുതിയ റിഫ്രഷർ കോഴ്സിനു മുന്നോടിയായി ഈ മാസം ഒമ്പതു മുതല്‍ 13 വരെ വിനീതിന് അവധി അനുവദിച്ചിരുന്നു. മറ്റ് ലീവ് അപേക്ഷകളൊന്നും തീര്‍പ്പാക്കാതെ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിനീതിന്റെ വാട്സ് ആപ് സന്ദേശത്തില്‍ എസ്ഒജി ക്യാമ്പിലെ ചിലരുടെ പേരുകള്‍ പറയുന്നുണ്ട്.
മരണത്തിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ളവ അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി ഡിവൈഎസ്പി കെ.സി. സേതു അന്വേഷിക്കും. വിനീതിന്റെ ഫോണ്‍ പരിശോധിക്കും.
ആത്മഹത്യതന്നെയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു ബുള്ളറ്റാണു ശരീരത്തില്‍നിന്നു ലഭിച്ചത്. വിനീത് സമര്‍ഥനായ കമാന്ഡോയായിരുന്നെന്നും എസ്പി പറഞ്ഞു.