യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
Tuesday, December 17, 2024 2:10 AM IST
കോതമംഗലം: കുട്ടന്പുഴ ഉരുളൻതണ്ണിയിൽ യുവാവിനെ റോഡിലിട്ട് കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (40) അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്പോഴാണ് എൽദോസിനെ ആന ആക്രമിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്.
എൽദോസിന് അല്പദൂരം മുന്നിൽനിന്ന് ഓടി രക്ഷപ്പെട്ട ആളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ഇവിടെ സ്ഥിരം കാട്ടാന സാന്നിധ്യമുണ്ട്. ആനയുടെ ആക്രമണം തുടര്‍ക്കഥയാകുന്നതില്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
സംഭവസ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ അവർ അനുവദിക്കാത്തതിനാൽ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂലിപ്പണിക്കാരനായ എൽദോസ് അവിവാഹിതനാണ്. അമ്മ: ലൂത്ത്. സഹോദരി: ലീലാമ്മ.