മരിക്കാൻ ജനിച്ചവൻ
Wednesday, December 18, 2024 1:22 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
യൂദാഗോത്രത്തിലെ ദാവീദ് രാജാവിന്റെ കുലത്തിലും കുടുംബത്തിലുമാണ് ഈശോ ജനിച്ചത്. നല്ല ജീവിതമാണ് അവൻ നയിച്ചത്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നല്ല ജീവന്റെ മാതൃക ഇന്നും അവനാണ്. എന്നാൽ, അവന്റെ മരണമോ? കൊടും കുറ്റവാളികളോടുകൂടെ രാജദ്രോഹവും ദൈവനിന്ദയും ചുമത്തപ്പെട്ടുകൊണ്ട് സകലരാലും അവഹേളിതനായി പരിത്യക്തനായി കുരിശിൽ തറച്ചു കൊല്ലപ്പെട്ടു.
കാരണം, അവൻ മരിക്കാൻവേണ്ടി ജനിച്ചവനായിരുന്നു. അവന്റെ മരണം ആകസ്മികമായിരുന്നില്ല, മറിച്ച് മനുഷ്യരക്ഷയ്ക്കായുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു. പുരോഹിതരെയും ഭരണാധികാരികളെയും വിമർശിച്ചുകൊണ്ടുള്ള ഒരു വിപ്ലവകാരിയുടെ മരണവും ആയിരുന്നില്ല, അവന്റെ മരണം ഒരു ബലിയായിരുന്നു. അറിഞ്ഞുകൊണ്ടുള്ള ആത്മസമർപ്പണമായിരുന്നു.
ഈ ആത്മസമർപ്പണത്തെ സൂചിപ്പിക്കാൻ വിശുദ്ധ ബൈബിളിൽ ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന ഒരു സാങ്കേതിക പദമാണ് കെനോസിസ്. കെനോസിസ് എന്നാൽ വെറും ഒരു ആത്മസമർപ്പണമല്ല, സ്വയം ശൂന്യവത്കരിച്ചുകൊണ്ടുള്ള ആത്മസമർപ്പണമാണ്. ഈശോമിശിഹായുടെ ജനനം ഒരു സ്വയം ശൂന്യവത്കരണമായിരുന്നു. കാരണം, ദൈവത്തിന്റെ രൂപത്തിലായിരുന്നു എങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ടത് കാര്യമായി പരിഗണിച്ചില്ല.
തന്നെത്തന്നെ അവൻ ശൂന്യനാക്കി, മനുഷ്യനായിത്തീർന്നു (ഫിലിപ്പി 2:6-8). സർവശക്തനും സർവവ്യാപിയും സർവജ്ഞനുമായ ദൈവം സാധാരണക്കാരനായ ഒരു മനുഷ്യനായിത്തീർന്നു. പാപമില്ലാത്തവൻ പാപികളായ മനുഷ്യമക്കളിൽ ഒരുവനായിത്തീർന്നു. പാപമില്ലാത്ത ഈശോയ്ക്ക് പശ്ചാത്താപത്തിന്റെ ആവശ്യം ഇല്ലാതിരുന്നിട്ടും പശ്ചാത്താപത്തിന്റെ മാമോദീസ യോഹന്നാനിൽനിന്നു പരസ്യമായി സ്വീകരിച്ചുകൊണ്ട് ഈശോ വീണ്ടും പാപികളിൽ ഒരുവനായിത്തീർന്നു. ഇതും ഒരു ശൂന്യവത്കരണമായിരുന്നു.
എന്നാൽ, സ്നാപക യോഹന്നാൻ ഈശോയെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നത് പാപിയായിട്ടല്ല, മറിച്ച് ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായിട്ടാണ്. പാപങ്ങൾ വഹിക്കുന്ന കുഞ്ഞാട് യഹൂദർക്ക് സുപരിചിതമായിരുന്നു. യഹൂദരുടെ പാപപരിഹാരദിവസമായ യോംകിപ്പുറിൽ ഇസ്രയേലിലെ പുരുഷന്മാർ ഒന്നുചേർന്ന് ഒരു കുഞ്ഞാടിന്റെ മേൽ കൈകൾവച്ച് തങ്ങളുടെ പാപങ്ങൾ ആ കുഞ്ഞാടിന്റെമേൽ ആരോപിച്ച് അതിനെ ബലികൊടുത്തിരുന്നു. പുരോഹിതർ തനിച്ചും ഇപ്രകാരം ചെയ്തിരുന്നു. ഇസ്രയേൽ വംശത്തിന്റെ മാത്രം പാപങ്ങൾ വഹിക്കുന്ന കുഞ്ഞാടായിട്ടല്ല ഈശോ അവതീർണനായത്.
മറിച്ച് ലോകം മുഴുവന്റെയും പാപങ്ങൾ വഹിക്കുന്ന കുഞ്ഞാടായിട്ടാണ്. ഈശോ മനുഷ്യനായി അവതരിച്ചത് എന്നുവച്ചാൽ ഈ ലോകത്തിൽ ഇന്നും ഇന്നലെയും നാളെയുമുളള സകലമനുഷ്യരുടെയും പാപങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റെടുത്ത് പാപപരിഹാര ബലിയായി സ്വയം സമർപ്പിച്ചു. അങ്ങനെ അവൻ പാപികളായ മനുഷ്യരുടെ പകരക്കാരനായി കുരിശിൽ മരിച്ചു. ഇതായിരുന്നു ഈശോയുടെ സ്വയം ശൂന്യവത്കരണത്തിന്റെ പാരമ്യം.
കാളകളുടെയും ആടുകളുടെയും രക്തം മനുഷ്യപാപങ്ങൾക്ക് പരിഹാരമാകാൻ പര്യാപ്തമല്ല എന്നതിനാലും പാപപരിഹാരത്തിന് നിർമലരക്തം അനിവാര്യമാകയാലും ദൈവം തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി ജന്മമെടുത്തു. ഇന്നലെയും ഇന്നും നാളെയുമുള്ള സകല മനുഷ്യരുടെയും പപാപരിഹാരത്തിന് പര്യാപ്തമായ സ്ഥലകാലപരിമിതികൾക്ക് അതീതമായ ഒരുവന്റെ ബലി മുഴുവൻ മനുഷ്യവംശത്തിന്റെയും രക്ഷയ്ക്ക് അനിവാര്യമാകയാൽ ദൈവം മനുഷ്യനായി അവതരിച്ചു.
സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കളെ അത്രമാത്രം സ്നേഹിച്ച ഈശോ തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി പിറന്നതിന്റെ ഓർമ നമ്മെ ക്ഷണിക്കുന്നത് അവൻ നേടിത്തന്ന രക്ഷ സൗജന്യമായി സ്വന്തമാക്കാനാണ്. അവനിൽ വിശ്വസിക്കുകയും അവന്റെ സുവിശേഷമനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് ആ രക്ഷാമാർഗം.