എന്‍എസ്എസ് ക്യാമ്പ്: ക്രിസ്മസ് അവധി ഒരു ദിവസം മാത്രം
Wednesday, December 18, 2024 1:22 AM IST
കോട്ടയം: ക്രിസ്മസ് ദിവസം മാത്രം അവധി നല്കി സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നാഷണല്‍ സര്‍വീസ് സ്കീം ദശദിന ക്യാമ്പുകള്‍ നടത്താനുള്ള നീക്കത്തില്‍ പരക്കെ വിമര്‍ശനം.
ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ക്രിസ്മസ് അവധിക്കാലത്ത് നടത്തുന്ന ക്യാമ്പുകള്‍ക്ക് 24, 25, 26 തീയതികളില്‍ അവധി നല്‍കണമെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. ക്രിസ്മസിനുപോലും അവധി നല്‍കാതെ ക്യാമ്പ് നടത്താനായിരുന്നു മുന്‍ നിര്‍ദേശം.
എന്നാല്‍ 25നു മാത്രം അവധി നല്കാന് പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ക്രിസ്മസിന് മതപരമായി നടത്തേണ്ട അനുഷ്ഠാനങ്ങളും ചടങ്ങുകളും സംസ്ഥാനത്ത് നിഷേധിക്കപ്പെടുകയാണ്. രക്ഷിതാക്കൾക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള സാഹചര്യവും ഇല്ലാതായി.
വിദൂരങ്ങളില്‍ ജോലി ചെയ്യുന്ന പ്രോഗ്രാം ഓഫീസര്‍ക്കും ക്യാമ്പിന് നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്കും ഒരു ദിവസത്തെ മാത്രം അവധി ലഭിച്ചാല്‍ വീടുകളില്‍ പോയി ക്രിസ്മസില്‍ പങ്കെടുക്കുക പ്രായോഗികമല്ല. ക്യാമ്പുകളുടെ ദിവസദൈര്‍ഘ്യം മൂന്നു ദിവസം കുറയ്ക്കണമെന്നാണ് അധ്യാപകരുടെ നിര്‍ദേശം.