കുട്ടന്പുഴയിൽ കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ എൽദോസിന് യാത്രാമൊഴി
Wednesday, December 18, 2024 1:45 AM IST
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസിന്റെ (45) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏലിയാസ് മാർ യൂലിയോസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ് എന്നിവർ പ്രാർഥനാശുശ്രൂഷകൾ നടത്തി.
ഉരുളൻതണ്ണി മാർത്തോമ്മ പള്ളി വികാരി ഫാ.കെ.വൈ. ബിബിൻ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
വന്യജീവി ആക്രമണം തടയുന്നതിനു പ്രഖ്യാപിച്ച തുക പകുതിപോലും വിനിയോഗിച്ചില്ല
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ സംസ്ഥാനത്ത് വർധിക്കുന്പോഴും വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി പ്രഖ്യാപിച്ചതിന്റെ പകുതി തുക ചെലവഴിക്കാതെ സംസ്ഥാന സർക്കാർ.
വന്യമൃഗ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി 48.85 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. എന്നാൽ, ഇതുവരെ അനുവദിച്ചതാകട്ടെ 21.82 കോടി രൂപ മാത്രവും. ആസൂത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഇത്തരം കാര്യങ്ങൾക്കായി സംസ്ഥാനം ചെലവഴിച്ചത് 44.67 ശതമാനം തുക മാത്രമാണ്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കോതമംഗലം കുട്ടന്പുഴയ്ക്കടുത്ത് ഒരാൾ മരിച്ചിരുന്നു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ആയിരത്തോളം പേരാണ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വന്യമൃഗ ആക്രമണങ്ങൾ വർധിക്കുന്പോഴും അതു ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കാത്തതു പ്രശ്നങ്ങൾ ഗുരുതരമാക്കുന്നു.
വന്യജീവി സങ്കേതങ്ങൾ മെച്ചപ്പെടുത്തുക, വന്യമൃഗങ്ങൾ നാട്ടിലേക്കു പ്രവേശിക്കുന്നതു തടയാനുള്ള സോളാർ ഫെൻസിംഗുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നിർമാണ പ്രവൃത്തികളും പ്രതിരോധ നടപടികളും സ്വീകരിക്കുക, ദ്രുതകർമ സേന ശക്തിപ്പെടുത്തുക, മൃഗങ്ങളുടെ വരവിനെയും ആക്രമണത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ പ്രവൃത്തികൾക്കാണ് ഊന്നൽ. പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.
പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോസിന്റെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. സഹോദരി സ്വപ്നയ്ക്ക് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ചെക്ക് കൈ മാറി.
എൽദോസിന്റെ മൃതദേഹം നീക്കാനായത് ആറര മണിക്കൂറിനുശേഷം
കോതമംഗലം: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി ക്കൊലപ്പെടുത്തിയ എൽദോസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കാനായത് സംഭവം നടന്ന് ആറര മണിക്കൂറിനുശേഷം. നാട്ടുകാരെ ശാന്തരാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അപേക്ഷാരൂപത്തിൽ കൈകൂപ്പുന്നതു വരെയെത്തി സംഘർഷസാഹചര്യങ്ങൾ.
ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ട്രഞ്ച് നിർമിക്കുന്നതുൾപ്പെടെ നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ഇക്കാര്യത്തിലുള്ള കളക്ടറുടെ ഉറപ്പിലാണ് ഇന്നലെ പുലർച്ചെ രണ്ടിന് നാട്ടുകാർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകാൻ തയാറായത്.
നേരത്തെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ആവശ്യങ്ങൾക്കു പരിഹാരമുണ്ടാകാതെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. ആദ്യമെത്തിച്ച ആംബുലൻസ് നാട്ടുകാർ തിരിച്ചയച്ചു.
എംഎൽഎ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, പഞ്ചായത്ത് അംഗങ്ങൾ, സമീപത്തെ പള്ളികളിൽനിന്നും കോതമംഗലം ബിഷപ്സ് ഹൗസിൽനിന്നുമുള്ള വൈദികർ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവരും രാത്രിയിൽ സ്ഥലത്തുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടിന് ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുന്പോഴാണ് കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ എൽദോസിനെ (45) കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.