മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടി: സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് തമിഴ്നാട് മന്ത്രി
Wednesday, December 18, 2024 1:22 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നതു തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡിഎംകെ സര്‍ക്കാര്‍ അതു യാഥാര്‍ഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമീണ തദ്ദേശ വകുപ്പ് മന്ത്രി ഐ. പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്പോഴായിരുന്നു മന്ത്രിയുടെ അവകാശവാദം.
സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് ഡാമില്‍ അറ്റകുറ്റപ്പണിക്കു തമിഴ്നാടിന് അവകാശമുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൈക്കം സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ക്കു കഴിഞ്ഞയാഴ്ച നിബന്ധനകളോടെ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിംഗ് ഉൾപ്പെടെയാണ് തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തുന്നത്.
ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താത്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് കേരളം വ്യക്തമാക്കിയിരുന്നു.