ചോദ്യപേപ്പർ ചോർച്ച: അന്വേഷണം പ്രഖ്യാപിച്ചു
Tuesday, December 17, 2024 2:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. ആറംഗ സംഘം അന്വേഷണം നടത്തുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി മീനാംബിക, അഡീഷണൽ ഡയറക്ടർ ഷിബു, പരീക്ഷാ ഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ഷാജിദ ഡെപ്യൂട്ടി ഡയറക്ടർ (ക്യു.ഐ.പി.) ധന്യ എന്നിവരാണ് സമിതി അംഗങ്ങൾ. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ടു പോകും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ചോർച്ച അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്കും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.