കർഷകരെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥരെ കയറൂരി വിടരുത്: മാർ ജോസഫ് പാംപ്ലാനി
Tuesday, December 17, 2024 1:58 AM IST
തലശേരി: കര്‍ഷകരെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ കയറൂരി വിടരുതെന്നും ഭരണഘടനാ വിരുദ്ധമായ വന നിയമഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. സംസ്ഥാന സർക്കാർ പുറത്തുവിട്ട വന നിയമഭേദഗതി ബില്ലിനെതിരേ തലശേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കർഷകന്റെ കൃഷിഭൂമിയെ ആദ്യം ബഫർ സോണാക്കി മാറ്റുക, അതിനുശേഷം വനംഭൂമിയാക്കുക, അതിലൂടെ വനാതിർത്തി വർധിപ്പിച്ചു എന്ന അവകാശവാദം ഉണ്ടാക്കി കാർബൺ ഫണ്ട് സ്വരൂപിക്കുക ഇതൊക്കെയാണ് നാളിതുവരെ നടക്കുന്ന കാര്യങ്ങൾ.
പോലീസിനെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി വനത്തിനുള്ളിൽ മാത്രം അധികാരം ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നാട്ടിൽ സകലരുടെയും മേൽ കുതിരകയറുന്നതിനുള്ള ലൈസൻസാണ് ഈ നിയമം.
മന്ത്രി വായിച്ചറിഞ്ഞിട്ടാണോ ഇതു പ്രസിദ്ധീകരിക്കാൻ അനുമതി കൊടുത്തത്?. ജനപ്രതിനിധികളോടു പോലും ആലോചിച്ചിട്ടില്ല. ജനപക്ഷത്തുനിന്നു ചിന്തിക്കാനോ ജനങ്ങളുടെ ആവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയാനോ ഈ നിയമം കൊണ്ടുവരുന്നവർക്ക് സാധിച്ചിട്ടില്ല.
ജനാധിപത്യമാണോ ഉദ്യോഗസ്ഥ ആധിപത്യമാണോ ഇവിടെ നടപ്പിലാക്കുന്നത്? ഉത്തര കൊറിയയിൽ നടപ്പാക്കേണ്ട നിയമമാണിത്. നിയമം തയാറാക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണം. ഭരണഘടനാവിരുദ്ധമായ നിയമം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.