ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് സര്‍ട്ടിഫിക്കറ്റ് വേണ്ട: പ്രകാശ് കാരാട്ട്
Friday, March 7, 2025 2:29 AM IST
കൊല്ലം: മോദി സർക്കാരിന് ബദലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് സിപിഎം ദേശീയ പാർട്ടി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. നവഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ് മോദി സർക്കാർ.
ക്ലാസിക്കൽ ഫാസിസത്തിൽനിന്നു മാറി നവ ഫാസിസം ഹിന്ദുത്വ കോർപറേറ്റ് താത്പര്യങ്ങളോടൊപ്പം ചേരുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാരാട്ട്.
കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമാണ് കാരാട്ട് നടത്തിയത്. ഫാസിസം സംബന്ധിച്ച രേഖകള്‍ കോണ്‍ഗ്രസ് മനസിലാക്കണമെന്നുപറഞ്ഞ കാരാട്ട്, ബിജെപിക്കെതിരായ സിപിഎം പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും തുറന്നടിച്ചു.
പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിനെതിരേ കാര്യങ്ങൾ മനസിലാക്കാതെയാണ് വി.ഡി. സതീശൻ പ്രതികരിക്കുന്നത്. ബിജെപിക്കെതിരേ ഒന്നും ചെയ്യാതെയാണ് കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരേ പ്രചാരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നിയമസഭകളുടെ അവകാശം ഇല്ലാതാക്കുമെന്ന് കേന്ദ്രത്തിനെ വിമര്‍ശിച്ച് കാരാട്ട് പറഞ്ഞു.