എൽആർസി സെമിനാർ ആരംഭിച്ചു
Friday, March 7, 2025 2:29 AM IST
കൊച്ചി: സീറോമലബാർ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) 62-ാമത് സെമിനാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലാരംഭിച്ച് ലോകമെമ്പാടും പ്രേഷിതപ്രവർത്തനം നടത്തുന്ന സീറോമലബാർ സഭയുടെ സേവനപ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സെമിനാർ കാരണമാകുമെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു.
എൽആർസി ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, എപ്പിസ്കോപ്പൽ മെംബർ ബിഷപ് മാർ ജോസ് പുളിക്കൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
‘മിഷൻ ട്രജക്ടറീസ് ഓഫ് സീറോമലബാർ ചർച്ച്: ഹിസ്റ്റോറിക്കൽ ഓവർവ്യൂ’എന്ന വിഷയത്തിൽ 12 പ്രബന്ധങ്ങളാണ് മൂന്നു ദിവസത്തെ സെമിനാറിലുള്ളത്.
കേരളത്തിന് പുറത്തുനിന്നുൾപ്പെടെ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ ലിൻസി അഗസ്റ്റിൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു. നാളത്തെ സെഷനുകൾ ഓൺലൈനായി നടക്കും.