ബസും എയ്സും കൂട്ടിയിടിച്ച് എയ്സ് ഡ്രൈവർ മരിച്ചു
Thursday, March 6, 2025 2:02 AM IST
വൈക്കം: വൈക്കത്ത് സ്വകാര്യ ബസും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്സ് ഡ്രൈവർ മരിച്ചു. വെച്ചൂർ ഇടയാഴം വല്യാറ വീട്ടിൽ ശിവാനന്ദപ്പണിക്കരാണ് (തമ്പാൻ 54) മരിച്ചത്. തോട്ടകം പള്ളിക്ക് സമീപത്തെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം.
വൈക്കത്തുനിന്നും വെച്ചൂരിലേക്ക് പോകുകയായിരുന്ന എയ്സും കൈപ്പുഴ മുട്ടിൽനിന്നും വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ എയ്സ് ഡ്രൈവറെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വൈകുന്നേരം സംസ്കരിക്കും. ഭാര്യ: സിന്ധു. മകൾ: അർച്ചന.