കോണ്‍ഗ്രസിന് സിപിഎം ക്ലാസെടുക്കേണ്ട: വി.ഡി സതീശൻ
Thursday, March 6, 2025 2:52 AM IST
തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്നു പറയുന്ന പിണറായി വിജയനും സിപിഎമ്മും കോണ്‍ഗ്രസിനു ക്ലാസെടുക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കോണ്‍ഗ്രസിനു ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന തരത്തിൽ മുഖ്യമന്ത്രി ലേഖനം എഴുതിയിട്ടുണ്ട്. ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നതാണു സിപിഎമ്മിന്റെ പുതിയ കണ്ടുപിടിത്തം.
കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന ഉറച്ച നിലപാട് എടുക്കുന്പോഴാണ് സിപിഎമ്മിന്റെ പുതിയ കണ്ടെത്തൽ. നവ ഫാസിസ്റ്റ് പോലുമല്ലെന്നാണു പറയുന്നത്. ആകാൻ സാധ്യതയുണ്ടെന്നാണു പറയുന്നത്.
സീതാറാം യെച്ചൂരി ഈ നിലപാടല്ലായിരുന്നു സ്വീകരിച്ചത്. യെച്ചൂരിയുടെ എത്രയോ ലേഖനങ്ങൾ ഇപ്പോഴുമുണ്ട്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാലത്ത് സ്വീകരിച്ച നിലപാട് തള്ളിപ്പറഞ്ഞതിനെയാണു മുഖ്യമന്ത്രി വിശദീകരിക്കേണ്ടത്.
ബിജെപി സർക്കാർ ഫാസിസ്റ്റ് അല്ലെന്നു പറയുന്നവരാണു കോണ്‍ഗ്രസിനു ക്ലാസ് എടുക്കാൻ വന്നിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ബിജെപി അനുകൂല നിലപാടാണു മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
ന്യൂനപക്ഷ വികാരം ഉണർത്താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രമിച്ചതു പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന സമീപനം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സ്വീകരിച്ചത്.
ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെ പണ്ട് നിയമസഭയിൽ എത്തിയ ആളാണ് പിണറായി വിജയൻ. 77ൽ സിപിഎമ്മും ബിജെപിയും ഒന്നിച്ചാണു മത്സരിച്ചത്. 89ലും ഇവർ തമ്മിൽ ധാരണയിലായിരുന്നു. എന്നിട്ടാണ് സിപി എം പഴയ കാര്യങ്ങൾ മറന്ന് പുതിയ കാര്യങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെ ടുത്തി.