ആശമാർക്ക് ഐഎൻടിയുസി പിന്തുണ നൽകും : ആർ. ചന്ദ്രശേഖരൻ
Thursday, March 6, 2025 2:02 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് ഐഎൻടിയുസി എല്ലാ പിന്തുണയും നൽകുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ.
അശാവർക്കർമാർക്കു ലാസ്റ്റ് ഗ്രേഡിനു തുല്യമായ തസ്തികയിൽ സ്ഥിര നിയമനം നൽകണം.സമരം തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടത്തും. ഇതിനായി സംഘടനകളുടെ യോഗം വിളിക്കുമെന്നും ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിൽനിന്ന് ഐഎൻടിയുസി മാറി നിൽക്കുന്നുവെന്ന വിമർശനം ശരിയല്ല. സമരം ചെയ്യുന്നവരെ പിരിച്ചുവിടാൻ ഐഎൻടിയുസി അനുവദിക്കില്ല. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഈ മാസം പത്തിനു സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിലും ഐഎൻടിയുസി നേതൃത്വത്തിൽ ആശാ പ്രവർത്തകർ ധർണ നടത്തും.
വെള്ളിയാഴ്ച വിവിധ സമരപരിപാടികൾക്കു രൂപം നൽകാൻ ആശാവർക്കേഴ്സ് കോണ്ഗ്രസ് യോഗം എറണാകുളത്തു ചേരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെട്ട് സമരം ഒത്തുതീർക്കുയാണു വേണ്ടതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.