യൂണിവേഴ്സിറ്റി നിയമ ഭേദഗതി; പിവിസിയുടെ യോഗ്യത വെട്ടിക്കുറയ്ക്കാൻ നീക്കം
Thursday, March 6, 2025 2:52 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച യൂണിവേഴ്സിറ്റി നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്ന പിവിസിമാരുടെ യോഗ്യത വെട്ടിക്കുറച്ച് പുതിയ ഔദ്യോഗിക ഭേദഗതി സബ്ജട് കമ്മിറ്റിക്ക് നൽകിയെന്ന് ആക്ഷേപം.
നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ പിവിസി നിയമനം പ്രഫസർ, കോളജ് പ്രിൻസിപ്പൽ തസ്തികയിലുള്ളവരിൽനിന്നാകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പ്രഫസർക്ക് പകരം അസോസിയേറ്റ് പ്രഫസർ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിർദേശം.
യൂണിവേഴ്സിറ്റിയിൽ സീനിയർ പ്രഫസർമാരും പ്രഫസറുടെ പദവിയിലുള്ള സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥന്മാരും അഫിലിയേറ്റഡ് കോളജുകളിൽ പ്രിൻസിപ്പൽമാരും തുടരുന്പോഴാണ്, പത്തുവർഷം മാത്രം അധ്യാപനപരിചയമുള്ള അസോസിയേറ്റ് പ്രഫസർക്ക് പിവിസി ആകാമെന്ന പുതിയ നിയമ ഭേദഗതി.
വിസിക്കുള്ള നിരവധി അധികാരങ്ങൾ പിവിസിക്കു നൽകിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്യുന്നത്. ബില്ല് നിയമമായിക്കഴിഞ്ഞാൽ സർവകലാശാലകളിൽ പിവിസി ഒരു പ്രധാന അധികാരകേന്ദ്രമായി മാറും.
യുജിസി പുറത്തിറക്കിയിരിക്കുന്ന 2025ലെ കരട് യുജിസി റെഗുലേഷനിൽ പിവിസി തസ്തികതന്നെ ഒഴിവാക്കിയിരിക്കുന്പോഴാണ് സംസ്ഥാന സർവകലാശാലകളിൽ വിസിയുടെ അധികാരങ്ങൾ പിവിസിക്കു കൈമാറുന്നത്.
ഇടത് അധ്യാപക സംഘടനാ നേതാക്കൾക്കു പിവിസി പദവി ലഭിക്കുന്നതിനുവേണ്ടിയാണ് നേതാക്കളുടെ സമ്മർദത്തിനു വഴങ്ങി മന്ത്രി പിവിസിയുടെ യോഗ്യത വെട്ടിക്കുറച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ആരോപിച്ചു.