"ക്ഷേമം മാത്രം പോരാ, വികസനവും വേണം'; സിപിഎമ്മിന്റെ നവകേരള നയരേഖ
Thursday, March 6, 2025 2:52 AM IST
റെനീഷ് മാത്യു
കൊല്ലം: ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ കാലത്തിനനുസരിച്ച് ഭരണം മുന്നോട്ടു പോകണം എന്നതാണ് നയരേഖയിൽ പ്രധാനമായും പറയുന്നത്. വികസന നയങ്ങളിൽ ഉദാര പരിഷ്കരണം വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിക്കുള്ളത്.
എറണാകുളത്ത് നടന്ന സമ്മേളനത്തിലും ഇതവതരിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ അവതരിപ്പിച്ച "നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്' നയരേഖ ഭരണതലത്തിൽ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നയരേഖ അവതരിപ്പിക്കുക.
വികസന നയങ്ങളിൽ ഉദാര പരിഷ്കരണം നടപ്പിലാക്കാനായിരുന്നു എറണാകുളത്ത് ചേർന്ന സമ്മേളനം തീരുമാനിച്ചത്. സംഘടനാപരവും രാഷ്ട്രീയവുമായ നിർബന്ധിത പരിഷ്കരണത്തിന് വിധേയമാകാൻ ആഹ്വാനം ചെയ്തിരുന്ന രേഖ എങ്ങനെ പ്രായോഗികതലത്തിൽ കൊണ്ടുവരുമെന്നത് അന്ന് സിപിഎം നേതൃത്വത്തിൽ ആശങ്കയുണ്ടായിരുന്നു. കെ-റെയിൽ, സ്വകാര്യ സർവകലാശാല, ആഗോളനിക്ഷേപ സംഗമം അടക്കമുള്ളവ നേരത്തെ തുറന്ന് എതിർത്തതായിരുന്നു സിപിഎം.
എന്നാൽ, പിണറായി വിജയൻ എറണാകുളത്ത് അവതരിപ്പിച്ച നയരേഖ സമ്മേളനം അംഗീകരിച്ചതോടെ സിപിഎം നയരേഖയാകുന്നതും എൽഡിഎഫിന്റെ അനുമതിയോടെ അതിന്റെ നിർദേശങ്ങൾക്ക് ഭരണതലത്തിൽ തുടക്കം കുറിക്കുന്നതുമാണ് പിന്നീട് കണ്ടത്.
ക്ഷേമസർക്കാരിൽ മാത്രം ഒതുങ്ങാതെ വികസനസർക്കാർ എന്ന രീതിയിലേക്ക് സർക്കാരിനെ നയിക്കുന്നതോടൊപ്പം മധ്യവർഗത്തിന്റെ പിന്തുണ നേടാനാണ് സിപിഎം ശ്രമിക്കുന്നത്. പുതിയ സർക്കാരിന്റെ നയമെന്ന നിലയ്ക്കാണ് "നവകേരളത്തിനുള്ള പുതുവഴികൾ' രേഖ സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിക്കുക.
വി.എസ് എവിടെ?
സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് സമ്മേളന നഗരിയിലും നഗരത്തിലും മുൻ സിപിഎം മുഖ്യമന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ചിത്രങ്ങൾ സഹിതം സ്ഥാപിച്ച ബോർഡുകളിൽ വി.എസിന്റെ ചിത്രമില്ല.
പിണറായി വിജയൻ, എം.എ. ബേബി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെയും അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്., ഇ.കെ. നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെയെല്ലാം ചിത്രങ്ങൾ ഇടം നേടിയിട്ടുണ്ട്.
എന്നാൽ, ഒരു കാലത്ത് വി.എസിന്റെ സമഗ്രാധിപത്യമുണ്ടായിരുന്ന കൊല്ലം ജില്ലയിൽ സംസ്ഥാന സമ്മേളനം നടക്കുന്പോൾ വി.എസിന്റെ ചിത്രമില്ലാത്തത് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
വി.എസ്. പക്ഷം ആദ്യം കരുത്ത് തെളിയിച്ചത് 1995ലെ കൊല്ലം സമ്മേളനത്തിലായിരുന്നു. തൊണ്ണൂറുകൾവരെ പാർട്ടിയെ നിയന്ത്രിച്ചിരുന്ന സിഐടിയു വിഭാഗത്തിന്റെ മേൽക്കോയ്മയുടെ അവസാനത്തിന് തുടക്കമിട്ടതും വി.എസിന്റെ പിൻബലത്തിൽ കൊല്ലം സമ്മേളനത്തിലായിരുന്നു.
സിഐടിയുവിനെതിരേ കൊല്ലത്തു തുടങ്ങിയ യുദ്ധത്തിനൊടുവിൽ കൊല്ലംകാരനായ പി.കെ. ഗുരുദാസനെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും വി.എസ്. വിഭാഗമായിരുന്നു. 2005ലെ മലപ്പുറം സമ്മേളനത്തോടെയാണ് വി.എസ് പക്ഷത്തിന്റെ ആധിപത്യം ഏറെക്കുറെ അവസാനിച്ചത്.