മാനസാന്തരത്തിന്റെ വില
Thursday, March 6, 2025 2:02 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
നോമ്പ് മാറ്റങ്ങളുടെയും കണ്ടെത്തലുക ളുടെയും കാലമായതിനാല്‍ മനോഭാവങ്ങളുടെ മാറ്റത്തിനു വലിയ പ്രാധാന്യമുണ്ട്. യഥാര്‍ഥത്തില്‍, മനസിനു വരുന്ന മാറ്റമാണ് മാനസാന്തരം.
ഇപ്പോഴുള്ള മനോഭാവത്തെ നമ്മള് പരിശോധിക്കണം. അതു നിഷേധാത്മകമോ ഇരുള് നിറയ്ക്കുന്നതോ ആണെങ്കില്‍ അതിനെ ഭാവാത്മകവും പ്രകാശം പ്രസരിപ്പിക്കുന്നതുമാക്കി മാറ്റുക. അതാണ് ഈ നോമ്പുകാലത്തു ചെയ്യേണ്ടത്.
ഈജിപ്തിലെ വിശുദ്ധ മേരിയുടെ ജീവിതം അങ്ങനെയായിരുന്നു. ഇരുള് നിറഞ്ഞ ജീവിതമായിരുന്നു യൗവനത്തില്‍ അവര്‍ നയിച്ചിരുന്നത്. ജെറുസലേമിലേക്കുള്ള ഒരു തീര്‍ഥാടനം അവരുടെ മനോഭാവത്തെ മാറ്റിമറിച്ചു.
ദൈവവുമായുള്ള ബന്ധം വര്‍ധിപ്പിക്കാനും മനുഷ്യരുടെ ജീവിതങ്ങളിലേക്കു വെളിച്ചം പകരാനുമാണ് ജീവിതം ചെലവഴിക്കേണ്ടതെന്ന ബോധ്യം വന്ന അവള് തീര്‍ഥാടനത്തിനു ശേഷം മരുഭൂമിയിലേക്കു പിന്മാറി താപസജീവിതം ആരംഭിച്ചു. തുടര്‍ന്നുള്ള 47 വര്‍ഷങ്ങള്‍, മരണം വരെ അവള് ദൈവത്തിന്റെയും മനുഷ്യരുടെയും മുന്പില് വെളിച്ചം പകരുന്ന വിളക്കായി നിലകൊണ്ടു.
ആ മൂന്നു ഘട്ടങ്ങൾ
കാത്തലിക് വര്‍ക്കര്‍ മൂവ്മെന്റിന്റെ സഹസ്ഥാപകയായ ഡൊറോത്തി ഡേയുടെ ജീവിതത്തിലും മാനസാന്തരം സംഭവിച്ചതായി നമ്മള് വായിക്കുന്നുണ്ട്. 1897ല്‍ ജനിച്ച ഡൊറോത്തി വളരെ സെക്കുലറായ ജീവിതശൈലിയായിരുന്നു പുലര്‍ത്തിയിരുന്നത്.
പക്ഷേ, 1927ല്‍ അവര്‍ക്കൊരു കുഞ്ഞ് പിറന്നതോടെ അവള് വിശ്വാസജീവിതത്തിലേക്കു പ്രവേശിക്കാന്‍ തീരുമാനിച്ചു. ജേര്‍ണലിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലുള്ള അവളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിശ്വാസത്തിലധിഷ്ഠി തമായിരുന്നു. കത്തോലിക്കാ സഭയിലെ ദൈവദാസി പദവിയിലാണ് അവളിപ്പോള്‍.
മാനസാന്തരം ജീവിതത്തിന്റെ ഏതു ഘട്ടത്തിലും നിമിഷത്തിലും സംഭവിക്കാം. അതിന്റെ ആദ്യഘട്ടമെന്നത് ഇപ്പോഴുള്ള ജീവിതശൈലിയെക്കുറിച്ചുള്ള കൃത്യമായ വിശകലനവും വിലയിരുത്തലുമാണ്.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മെച്ചവും മനോഹരവുമായ ഏതു ശൈലിയിലേക്കാണ് മാറേണ്ടതെന്ന തീരുമാനമെടുക്കലും ഉറപ്പിക്കലുമാണ്. ആ തീരുമാനം നടപ്പിലാക്കലും മരണം വരെ അതില്‍ ഉറച്ചുനില്ക്കലുമാണ് മൂന്നാംഘട്ടം.
ആന്തരിക സമാധാനം
സെന്റ് പോളിന്റെയും സെന്റ് അഗസ്റ്റിന്റെയുമൊക്കെ മാനസാന്തര കഥകള്‍ കേള്‍ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍, മാനസാന്തരത്തിന് അവര്‍ നല്കിയ വില എത്രയെന്നും നമ്മള് തിരിച്ചറിയണം.
അതുവരെ ജീവിതത്തിലുണ്ടായിരുന്ന സൗഹൃദങ്ങളും നേട്ടങ്ങളും സ്ഥാനങ്ങളുമൊക്കെ ഒരുപക്ഷേ അവസാനിച്ചിരിക്കാം. അപമാനവും ഒറ്റപ്പെടുത്തലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം. പക്ഷേ, ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരുത്തിയ മാനസാന്തരം അവരുടെ മനസിന് സമാധാനവും സ്വസ്ഥതയും നല്കിയിട്ടുണ്ടാവണം. ബാഹ്യമായ തടസങ്ങള്‍ സംഭവിച്ചെങ്കിലും ആന്തരികമായ സമാധാനം അവരെ പുല്കിയിട്ടുണ്ടാകും.
ചില മനോഭാവങ്ങള്‍ നമ്മളും മാറ്റേണ്ടതുണ്ട്. തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും അവന്റെ ജീവിതപശ്ചാത്തലമനുസരിച്ചാണ്. അവ സംഭവിക്കുമ്പോള്‍ വെല്ലുവിളികള്‍ ഉണ്ടാകും. പക്ഷേ, മറുവശത്ത് സ്വസ്ഥതയും ശാന്തിയും മനസില്‍ ഉറപ്പാണ്.
നിറഞ്ഞ കണ്ണുകൾ
വല്യമ്മ മരിക്കുംമുമ്പ് എങ്ങനെ മില്യനുകള്‍ നേടാം? (How to make Millions before Grandma Dies) എന്നൊരു തായ്ലൻഡ് സിനിമയുണ്ട്. കാന്സര്ബാധിതയായപ്പോള് വല്യമ്മയുടെ സ്വത്ത് മോഹിച്ച് ശുശ്രൂഷിക്കാനെത്തുന്ന കൊച്ചുമകന്റെ കഥയാണ് ഇതില്‍ പറയുന്നത്.അവന്റെ ഓരോ പ്രവര്‍ത്തനവും വല്യമ്മയുടെ സമ്പത്ത് മുഴുവന്‍ തനിക്കു കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇവര്‍ ഒരുമിച്ചു കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് സിനിമ മുഴുവനും.
പക്ഷേ, അവനു മാറ്റം സംഭവിക്കുകയാണ്. ഒടുവില്‍ വല്യമ്മ മരിച്ച ശേഷം സംസ്കാരത്തിനായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നു. മാനസാന്തരത്തിന്റെ പൂര്‍ണത!
മാനസാന്തരത്തിനായി മറ്റുള്ളവരുടെ മരണം വരെ കാത്തിരിക്കേണ്ടതില്ല . മരണം ഏതു നിമിഷത്തിലും സംഭവിക്കാം. പക്ഷേ, അതു നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മാനസാന്തരവും ഏതു നിമിഷത്തിലും സംഭവിക്കാം. എന്നാല്‍, അതു നമ്മുടെ നിയന്ത്രണത്തിലുള്ളതാണ്. "നിങ്ങള്‍ മനസിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടണം' എന്നാണ് സെന്റ് പോള്‍ പറയുന്നത് (എഫേ 4:23).