സ്റ്റാർട്ടപ്പ് മേഖലയിലെ വളർച്ച: റിപ്പോർട്ട് പണം നൽകി തരപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ്
Thursday, March 6, 2025 2:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മേഖലയിൽ അഭൂതപൂർവമായ വളർച്ചയെന്ന റിപ്പോർട്ട് പണം നല്കി തരപ്പെടുത്തിയതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് സർക്കാരിനെതിരേ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
സ്റ്റാർട്ടപ്പ് ജീനോം എന്ന സ്ഥാപനത്തിനു പണം നല്കിയാണ് ഇത്തരമൊരു റിപ്പോർട്ടുണ്ടാക്കിയത്. നാലു വർഷം കേരളം ഈ കന്പനിക്കു നൽകിയത് 48,000 യുഎസ് ഡോളറാണ്. സ്റ്റാർട്ടപ്പ് ജീനോമിന്റെ ക്ലയിന്റാണു കേരള സ്റ്റാർട്ടപ്പ് മിഷൻ.
2021 മുതൽ സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ജീനോമിന് പണം നൽകുകയാണ്. 2021ൽ 13,500 യുഎസ് ഡോളറും 2022ൽ 4,500 യുഎസ് ഡോളറും 2023ൽ 15,000 യുഎസ് ഡോളറും 2024ൽ 15,000 യുഎസ് ഡോളർ എന്നിങ്ങനെയാണ് സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ജീനോമിനു നൽകിയത്.
2019 മുതൽ 21 വരെ ഒരു കാലഘട്ടം ഉണ്ടാക്കുകയും 2021 മുതൽ 2023 ഡിസംബർ വരെ രണ്ടാമത്തെ കാലഘട്ടം ഉണ്ടാക്കുകയും ചെയ്താണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിക്കൂട്ട് നടത്തിയത്. ഒന്നാമത്തെ കാലഘട്ടത്തിൽനിന്നു രണ്ടാമത്തെ കാലഘട്ടത്തിൽ എത്തിയപ്പോൾ 254 ശതമാനം വളർച്ച ഉണ്ടായെന്ന അവകാശവാദം ഉന്നയിച്ചു.
ഇതിൽ 2019-21 കാലഘട്ടം കോവിഡ് കാലമാണ്. ആ കാലവുമായാണ് 2021-24 കലഘട്ടത്തെ താരതമ്യം ചെയ്യുന്നത്. ഇത്തരത്തിൽ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയ കാപട്യമാണ് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം. ആരോപണം സർക്കാർ നിഷേധിച്ചാൽ തെളിവുകൾ ഹാജരാക്കാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.