ഇടക്കൊച്ചിയെ വിറപ്പിച്ച് ആനക്കലി
Thursday, March 6, 2025 2:02 AM IST
കൊച്ചി: ഇടക്കൊച്ചിയെ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിർത്തി ആനക്കലി. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകുന്നേരം നാലോടെ ഇടഞ്ഞ് അക്രമാസക്തനായത്.
തൃശൂർ ആമ്പല്ലൂർ സ്വദേശിയുടെ ഊട്ടോളി മഹാദേവൻ എന്ന ആനയാണ് വാഹനങ്ങളും മതിലും കണ്ണിൽ കണ്ടതെല്ലാം തകർത്തത്. ആനയെ മൂന്നു മണിക്കൂറിനുശേഷമാണ് തളയ്ക്കാനായത്.
കുളിപ്പിക്കാനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രക്കുളത്തിൽ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ രണ്ടാം പാപ്പാൻ തല്ലിയതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അക്രമാസക്തനായ ആന പാപ്പാനെ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ പാപ്പാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്രവളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാർ, വാൻ, എട്ടോളം ബൈക്കുകൾ, സൈക്കിൾ എന്നിവ ആന തകർത്തു.
ആനയെ കൊണ്ടുവന്ന ലോറിയുടെ പിൻഭാഗവും ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയും പോസ്റ്റും ആന തകർത്തു. വിവരമറിഞ്ഞ് എലഫന്റ് സ്ക്വാഡും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എലഫന്റ് സ്ക്വാഡ് കയർ ഉൾപ്പെടെ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നേരം ഇരുട്ടിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. ക്ഷേത്രത്തിനു സമീപം ജനവാസമേഖലയായതിനാൽ മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ പറഞ്ഞു. വാർഡ് കൗൺസിലർ ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും തൃശൂരിൽനിന്ന് മയക്കുവെടി വിദഗ്ധനെ എത്തിക്കാനുള്ള ക്രമീകരണം ചെയ്യാമെന്ന് കളക്ടർ വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ ആന അല്പം ശാന്തനായപ്പോൾ നാല് കാലുകളിലും കയർ ഉപയോഗിച്ച് എലഫന്റ് സ്ക്വാഡും എഴുന്നള്ളിപ്പിനായി എത്തിച്ച മറ്റ് ആനകളുടെ പാപ്പാൻമാരും ചേർന്ന് തളയ്ക്കുകയായിരുന്നു. ആന ഇടഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചിരുന്നു.