തൃശൂരിലെ ബിജെപിയുടെ വളർച്ച തടയാനായില്ല
Friday, March 7, 2025 1:33 AM IST
റെനീഷ് മാത്യു
കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽപോലും ബിജെപിയിലേക്ക് വോട്ട് പോകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. തെരഞ്ഞെടുപ്പുകാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ ബിജപി വിജയവും വളർച്ചയും സിപിഎം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇവിടത്തെ ബിജെപിയുടെ വളർച്ച തടയാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എം.വി. ഗോവിന്ദന് സമര്‍പ്പിച്ചത്. ഓരോ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പേര് പരാമര്‍ശിച്ചുകൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുമുള്ള പ്രത്യേക ഭാഗങ്ങളുണ്ട്.
അതില്‍ ഒന്നാമതുള്ള പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേതാക്കളടക്കം വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി
പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെക്കുറിച്ചും പരാമര്‍ശമുണ്ട്. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനം. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല.
സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായയ്ക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം.
ഇ.പി. ജയരാജനും മന്ത്രി സജി ചെറിയാനുമെതിരേ കടുത്ത വിമർശനം
ഇ.പി. ജയരാജനും മന്ത്രി സജി ചെറിയാനുമെതിരേ കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണം. ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് പ്രവർത്തന വീഴ്ചകളിലാണ്. ഇ.പി. ജയരാജന് സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങളിൽനിന്നു മാറിനിന്നത് ഗൗരവതരമാണ്.
സമ്മേളനസമയത്ത് മാത്രമാണ് ഇ.പി. സജീവമായതെന്നും റിപ്പോർട്ടില്‍ വിമര്‍ശനമുണ്ട്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് സജി ചെറിയാനെതിരേയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.
പി.വി. അൻവറിനെപോലുള്ള സ്വതന്ത്രരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്പോൾ സൂക്ഷിക്കണം.കോൺഗ്രസിൽനിന്ന് ഇനിയും ആളുകൾ സിപിഎമ്മിലേക്ക് വരുമെന്നും പാലക്കാട്ട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമാണെന്നും ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.