യുവാക്കൾ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ല: എ.കെ. ആന്റണി
Friday, March 7, 2025 2:29 AM IST
തിരുവനന്തപുരം: കേരളത്തിലെ അസ്വസ്ഥരായ യുവാക്കൾ അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. ജി. കാർത്തികേയൻ അനുസ്മരണ സമ്മേളനം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്ക് പ്രത്യാശ നല്കാൻ കഴിയുന്ന പരിപാടികൾ സർക്കാരിനില്ല. മധുരഭാഷണത്തിലൂടെയുള്ള വാഗ്ദാനം നൽകി ഇനിയും ചെറുപ്പക്കാരെ കബളിപ്പിക്കാനാവില്ല. ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ലഭിക്കുന്ന ശന്പളം പോലും അഭ്യസ്തവിദ്യരായ മലയാളിക്ക് നാട്ടിൽ കിട്ടുന്നില്ല. എല്ലാവരെയും ഒന്നായി കാണാൻ സർക്കാരിനു കഴിയുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ആശാവർക്കർമാർക്ക് ഇത്രയും നാൾ സമരം ചെയ്യേണ്ടി വരില്ലായിരുന്നെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി. സ്റ്റാർട്ടപ്പ് കൊണ്ടുമാത്രം ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല.
താൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നഴ്സിംഗ് കോളജുകൾ തുടങ്ങി അനേകം പേർക്ക് തൊഴിലവസരം നൽകിയതു പോലുള്ള പുതിയ ആശയങ്ങൾ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളുടെ പ്രത്യാഘാതങ്ങൾ, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ്, കുടിയേറ്റത്തിനെതിരേ ഉയരുന്ന ജനവികാരം തുടങ്ങിയവ യുവാക്കളെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി കാണാൻ സർക്കാരിന് കഴിയണം. സ്വന്തം പാർട്ടിക്കാർ മാത്രം മതിയെന്നും മറ്റുള്ളവർ സമരം ചെയ്യാൻ പാടില്ലെന്നുമുള്ള സർക്കാർ നിലപാട് മാറണം.
കാർത്തികേയന്റെ മുഖത്തെ ചൈതന്യം അദ്ദേഹത്തിന്റെ മനസിന്റെ ശുദ്ധിയായിരുന്നു. കാപട്യത്തിന്റെ കലർപ്പ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിലില്ല.
കാർത്തികേയൻ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയപ്പോൾ ചെറുപ്പക്കാർക്ക് ദിശാബോധം നൽകുകയും അവരുടെ വികാരം പ്രകടിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസിൽ രണ്ടാം നേതൃനിരയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തന ശൈലിയാണ് ജി.കെയുടേതെന്നും ആന്റണി പറഞ്ഞു.