എഡിഎം നവീൻ ബാബുവിനെതിരേ പരാതികൾ ഒന്നുമില്ലെന്ന് വിവരാവകാശ രേഖ
Friday, March 7, 2025 1:33 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരേ പരാതികൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് വിജിലൻസ് ആസ്ഥാനത്തിന്റെ വിവരാവകാശ രേഖ.
സംസ്ഥാന വിജിലൻസ് ആസ്ഥാനത്തെ രേഖകൾ പരിശോധിച്ചതിൽ കണ്ണൂർ കളക്ടറേറ്റിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരായ പരാതികൾ ലഭ്യമായതായി കാണുന്നില്ലെന്നാണ് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുന്നത്.
റവന്യു സെക്രട്ടറിയുടെ ഓഫീസും കണ്ണൂർ ജില്ലാ കളക്ടറേറ്റും നവീൻ ബാബുവിനെതിരേ പരാതികൾ യാതൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ കുളത്തൂർ ജയ്സിംഗിനു മറുപാടിയായി നൽകിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തേ തുടർന്ന് അദ്ദേഹം എഡിഎം ആയിരിക്കേ പെട്രോൾ പമ്പിന്റെ അനുമതിക്കായുള്ള എൻഒസി ലഭിക്കുവാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നെന്നും വെളിപ്പെടുത്തി കണ്ണൂരിൽ പ്രശാന്തൻ എന്നയാൾ രംഗത്തുവന്നത് വിവാദം ഉയർത്തിയിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് എതിരേ പരാതി നേരിട്ടോ തപാൽ മുഖേനയോ ഇമെയിൽ വഴിയോ മുഖ്യമന്ത്രിക്ക് ലഭിക്കുന്നത് വിജിലൻസ് ഡയറക്ടറേറ്റിനോ വകുപ്പ് തലവന്മാർക്കോ കൈമാറുകയെന്നതാണ് രീതി.