മുകേഷിനെ കാണാനില്ല; പാർട്ടിയുടെ വിലക്കോ?
Friday, March 7, 2025 1:33 AM IST
കൊല്ലം: സിപിഎം സംസ്ഥാനസമ്മേളനത്തിൽ സ്ഥലം എംഎൽഎയായ എം. മുകേഷിന്റെ സാന്നിധ്യമില്ല. സ്ഥലം എംഎൽഎ എന്ന നിലയിൽ സമ്മേളനസംഘാടനത്തിൽ മുന്നിൽ നിൽക്കേണ്ടവരിൽ ഒരാളാണ് മുകേഷ്.
പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിനിടയിലും നടൻ കൂടിയായ എംഎൽഎ ജില്ലയ്ക്ക് പുറത്ത് സിനിമ ചിത്രീകരണത്തിലാണെന്നാണ് വിവരം. മുകേഷിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിങ്ങൾ പോയി നോക്ക്, കുഞ്ഞിരാമൻ എവിടെയാണെന്ന് എനിക്കറിയാമോയെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
എംഎൽഎയും പാർട്ടിയുമായുള്ള ഭിന്നത മറനീക്കിപുറത്തുവരുന്നതായാണ് അസാന്നിധ്യം വ്യാഖ്യാനിക്കപ്പെടുന്നത്. 30 വർഷത്തിനു ശേഷമാണ് കൊല്ലത്തേക്ക് സംസ്ഥാന സമ്മേളനം എത്തുന്നത്. എംഎൽഎയുടെ മണ്ഡലത്തിലാണ് സമ്മേളനനഗരി.
പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയുടെ വീഡിയോ പങ്കുവച്ചതല്ലാതെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും എംഎൽഎ പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.
ലൈംഗികാരോപണക്കേസിനെ തുടർന്ന് എംഎൽഎയ്ക്ക് പാർട്ടിവേദികളിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ ഇത് കൂടുതൽ ശക്തമായി.
പാർട്ടി നേതൃയോഗങ്ങളിൽ മുതിർന്ന വനിതാനേതാക്കളടക്കം വിമർശനമുന്നയിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലും എംഎൽഎക്കെതിരേ വിമർശനമുണ്ടായിരുന്നു.