ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് ആരോഗ്യവകുപ്പ്; വീട്ടില്‍ ഭാര്യയുടെ പ്രസവമെടുത്ത യുവാവ് വെട്ടില്‍
Friday, March 7, 2025 2:29 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: യുട്യൂബ് കണ്ട് പഠിച്ച് മറ്റാരുടെയും സഹായമില്ലാതെ വീട്ടില്‍വച്ച് ഭാര്യയുടെ പ്രസവമെടുത്ത ഇരുപത്തിനാലുകാരനായ യുവാവ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യവകുപ്പുമായി നിയമയുദ്ധം തുടങ്ങി.
എവിടെ വച്ച്, എന്ന് പ്രസവം നടന്നുവെന്നു തെളിയിക്കാനുള്ള ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.
കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ യുവാവാണ് 20 വയസുള്ള ഭാര്യയുടെ ആദ്യപ്രസവമെടുത്തത്. 2024 നവംബര്‍ രണ്ടിനു വീട്ടില്‍വച്ചായിരുന്നു പ്രസവമെന്നു യുവാവ് പറയുന്നു. പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്.
രാവിലെ 11 മണിയോടെ വേദന തുടങ്ങിയപ്പോള്‍ മറ്റാരെയും അറിയിക്കാതെ യുവാവ് ഒറ്റയ്ക്കു കൈകാര്യം ചെയ്യുകയായിരുന്നു. കുട്ടി പുറത്തുവന്നപ്പോള്‍ ബ്ലേഡുകൊണ്ട് പുക്കിള്‍കൊടി മുറിച്ചു. പിന്നീട് കുട്ടിയെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു. പ്രസവശേഷമാണു വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ വിവരം അറിഞ്ഞത്. ബിരുദധാരിയായ യുവാവ് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. യുവാവും ഭാര്യയും അക്യൂപംഗ്ചര്‍ കോഴ്സ് പഠിച്ചിട്ടുണ്ട്.
അക്യുപംഗ്ചര്‍ കോഴ്സില്‍ പ്രസവം കൈകാര്യം ചെയ്യുന്ന വിധം പഠിപ്പിക്കുന്നുണ്ടെന്നാണു യുവാവിന്റെ വാദം. ആശുപത്രിയില്‍നിന്നു സ്കാനിംഗും മറ്റു പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് യുവാവ് ഭാര്യയുടെ പ്രസവം വീട്ടിലാക്കിയത്.
ഒക്ടോബര്‍ 28നാണ് ആശുപത്രി അധികൃതര്‍ പ്രസവതീയതി കണക്കാക്കിയിരുന്നത്. അന്ന് പ്രസവലക്ഷണമില്ലാതിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ അന്നേ ദിവസം മരുന്നുവച്ച് പ്രസവിപ്പിക്കും. അത് ഒഴിവാക്കാനാണ് ആശുപത്രിയില്‍ പോകാതിരുന്നതെന്നു യുവാവ് പറയുന്നു.
വാക്സിനുകളെയും മരുന്നുകളെയും എതിര്‍ക്കുന്ന യുവാവ് കുട്ടിക്ക് ഇതുവരെ ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന വാക്സിനുകള്‍ നല്കാന് തയാറായിട്ടില്ല.
വാക്സിനുകള്‍ ദോഷകരമാണെന്നാണു യുവാവിന്റെ നിലപാട്. ഇതുവരെ അമ്മയ്ക്കും കുട്ടിക്കും ശാരീരികമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രസവം നടന്ന ശേഷം യുവാവ് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈനായി അപേക്ഷിച്ചിരുന്നു.
ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഏഴാം ദിവസം വീട്ടിലെത്തിയിരുന്നു. അന്നേദിവസം വരെ കുഞ്ഞിനും അമ്മയ്ക്കും യാതൊരു തുടര്‍ ചികിത്സയും യുവാവ് ലഭ്യമാക്കിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പതിനാലാം ദിവസം മലപ്പുറത്തെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍വച്ച് പ്രസവം നടക്കാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില് ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, അയല്‍വാസികള്‍ എന്നിവരിലാരെങ്കിലും പ്രസവം നടന്നതായി സാക്ഷ്യപ്പെടുത്തണം.
ഇവരാരും സംഭവം അറിഞ്ഞിട്ടില്ല. സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ പ്രസവം നടന്ന കാര്യം അറിയില്ലെന്നാണ് അയല്‍വാസികള്‍ പറഞ്ഞതെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വീട്ടില്‍ വച്ചുള്ള പ്രസവം അപകടകരവും അതിസങ്കീര്ണവുമാകാന് സാധ്യതയുള്ളതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തെറ്റായ പ്രവണതകള്‍ക്കു പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
യുവാവ് പരാതി നല്‍കിയതോടെ വിഷയം സംബന്ധിച്ചു മെഡിക്കല്‍ ഓഫീസര്‍ ഉന്നതോദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.