ബംഗാളിനെയും ത്രിപുരയെയും പരാമർശിക്കാതെ കാരാട്ട്
Friday, March 7, 2025 1:33 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടിയുടെ പഴയ ഉരുക്കുകോട്ടകളായ പശ്ചിമ ബംഗാളിനെയും ത്രിപുരയെയും കുറിച്ച് ഒരക്ഷരം ഉരിയാടാതെ ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്.
അതേസമയം സിപിഎം കേരള ഘടകത്തെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഘടകം എന്നാണ് കേരള സിപിഎമ്മിനെ കാരാട്ട് വിശേഷിപ്പിച്ചത്.
കേരളത്തിലെ പിണറായി സർക്കാർ മോദി സർക്കാരിന് ബദലാണെന്നുകൂടി കൂട്ടിച്ചേർത്തപ്പോഴും ബംഗാളിനെയും ത്രിപുരയെയുംകുറിച്ച് അദ്ദേഹം മൗനം പാലിച്ചത് മുതിർന്ന നേതാക്കളും സംസ്ഥാന നമ്മേളന പ്രതിനിധികളും അടക്കമുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ കേരളത്തിലെ സഖാക്കൾ എല്ലാ കാര്യങ്ങളിലും മാതൃകയാക്കിയിരുന്നത് ബംഗാളിനെയും ത്രിപുരയെയുമാണ്. ഇരു സംസ്ഥാനങ്ങളെയും പരാമർശിക്കുന്ന മുദ്രാവാക്യങ്ങളും അനവധിയാണ് ഒരു കാലത്ത് ഇവിടെ മുഴങ്ങിക്കേട്ടത്.
അവിടങ്ങളിൽ പാർട്ടിക്ക് മേൽവിലാസം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. രണ്ടിടത്തും പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് അടുത്തിടെ നടന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം നേതാക്കൾ വാതോരാതെ പ്രസംഗിച്ചു നടന്നത്.
മാത്രമല്ല ഇരു സംസ്ഥാനങ്ങളിലും പാർട്ടിയും പോഷക സംഘടനകളും ഉയിർപ്പിന്റെ വഴിയിലാണെന്ന് പാർട്ടി പത്രത്തിലടക്കം നിരന്തരം ലേഖനങ്ങളും വരുന്നുണ്ട്.
സാർവദേശീയ രംഗത്തെ കുറിച്ച് പ്രസംഗിച്ചുതുടങ്ങിയ അദ്ദേഹം ദേശീയ വിഷയങ്ങളും പ്രതിപാദിച്ച് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവരിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഇപ്പോഴത്തെ പാർട്ടി സംവിധാനത്തിൽ ദേശീയ തലത്തിൽ കേരള ഘടകത്തിനാണ് മുൻതൂക്കം.മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ദേശീയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട അവസരം വരുമ്പോൾ കേരള ഘടകത്തിന്റെ നിലപാട് നിർണായകമായിരിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ കാരാട്ട് കേരള ഘടകത്തെ പുകഴ്ത്തിയതിൽ അതിശയിക്കേണ്ട കാര്യമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.