തോക്കുചൂണ്ടി കവർച്ച: ഇതരസംസ്ഥാനക്കാർ പിടിയിൽ
Friday, March 7, 2025 1:33 AM IST
കാഞ്ഞങ്ങാട്: ക്രഷർ മാനേജർക്കു നേരെ തോക്കുചൂണ്ടി 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി. ബുധനാഴ്ച വൈകുന്നേരത്തോടെ മാവുങ്കാൽ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിലായിരുന്നു സംഭവം.
മാനേജരായ കോഴിക്കോട് മരുതോങ്കര പൊയിലുപറമ്പത്ത് വീട്ടിൽ രവീന്ദ്രനു (56) നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസ് അടച്ച് പണമടങ്ങിയ ബാഗുമായി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയ സംഘം തോക്കുചൂണ്ടി ചവിട്ടി വീഴ്ത്തി ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.
വിവരം ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽനിന്നു പെട്ടെന്നുതന്നെ സമീപ സ്റ്റേഷനുകളിലേക്കും കർണാടക പോലീസിനും കൈമാറിയിരുന്നു. മണിക്കൂറുകൾക്കു ശേഷമാണു പ്രതികളെ കർണാടക പോലീസ് മംഗളൂരുവിൽനിന്നു പിടികൂടിയത്.
ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. നഷ്ടപ്പെട്ട പണവും ഇവരുടെ പക്കൽനിന്നു കണ്ടെത്തി. ഇതരസംസ്ഥാനക്കാരാണ് പ്രതികളെന്ന് ആദ്യമേ സൂചനയുണ്ടായിരുന്നു.
കവർച്ചയ്ക്കു ശേഷം ഏച്ചിക്കാനത്തുനിന്നു തൊട്ടടുത്ത പട്ടണമായ കാഞ്ഞങ്ങാട്ടേക്കു കടന്ന പ്രതികൾ സംസ്ഥാനപാത വഴി മംഗളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണു സൂചന.
ക്രഷറിന്റെ ഏച്ചിക്കാനം, വെള്ളരിക്കുണ്ട് കേന്ദ്രങ്ങളിൽനിന്നുള്ള കളക്ഷൻ തുകയായ 10,20,000 രൂപയും മൊബൈൽ ഫോണുമാണു രവീന്ദ്രന്റെ ഷോൾഡർ ബാഗിലുണ്ടായിരുന്നത്.
തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തോക്ക് ചൂണ്ടിയശേഷം പിന്നിൽനിന്ന് ചവിട്ടിവീഴ്ത്തിയാണ് ബാഗ് കവർന്നതെന്നാണു രവീന്ദ്രൻ പറയുന്നത്. കർണാടക പോലീസ് കൈമാറിയ പ്രതികളെ ഹോസ്ദുർഗ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.